cheetah

ഭോപ്പാൽ : നമീബിയയിൽ നിന്നും കൊണ്ടുവന്ന എട്ടു ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജന്മദിനമായ സെപ്തംബർ 17ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്ന് വിട്ടിരുന്നു. ഇന്ത്യയുടെ ഏറെ നാളത്തെ പരിശ്രമ ഫലമായിട്ടാണ് ഒരിക്കൽ അന്യം നിന്നുപോയ ചീറ്റകളെ തിരികെ കൊണ്ടുവന്നത്. അതിനാൽ വലിയ മുന്നൊരുക്കങ്ങളാണ് ചീറ്റകൾക്കായി കുനോയിൽ ഒരുക്കിയിട്ടുള്ളത്. ചീറ്റകളെ സംരക്ഷിക്കാൻ രണ്ട് കരുത്തരായ ആനകളെയും അധികൃതർ കൊണ്ടു വന്നിട്ടുണ്ട്. നർമ്മദാപുരത്തെ സത്പുര ടൈഗർ റിസർവിലെ രണ്ട് ആനകളെയാണ് ഇതിനായി എത്തിച്ചത്. ലക്ഷ്മി, സിദ്ധനാഥ് എന്നീ ആനകളെ ഇവിടേയ്ക്ക് എത്തിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണ്.

കഴിഞ്ഞ മാസമാണ് ലക്ഷ്മി, സിദ്ധനാഥ് എന്നീ ആനകളെ കുനോയിൽ എത്തിച്ചത്. ഈ മേഖലയിൽ അഞ്ചോളം പുള്ളിപ്പുലികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ചീറ്റപ്പുലികൾക്കായി തിരിച്ച മേഖലയിൽ അടുത്തിടെ എത്തിയ അഞ്ച് പുള്ളിപ്പുലികളിൽ നാലെണ്ണത്തെയും ഈ രണ്ട് ആനകൾ ഇടപെട്ടാണ് തുരത്തിയത്. ദേശീയ ഉദ്യാനത്തിലെ സുരക്ഷാ സംഘത്തോടൊപ്പം രണ്ട് ആനകളും ഇപ്പോൾ രാവും പകലും പട്രോളിംഗ് നടത്തുന്നുണ്ട്. രണ്ട് ആനകളും വനപാലകരോടൊപ്പം പട്രോളിംഗ് നടത്തി മറ്റ് വന്യമൃഗങ്ങളൊന്നും ചുറ്റുമതിലിലേക്കോ പരിസരത്തോ വരുന്നില്ലെന്ന് ഉറപ്പാക്കുന്നു.

ഇവയിൽ സിദ്ധനാഥ് എന്ന ആനയ്ക്ക് കടുവകളെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ അംഗീകാരം നേടിയിട്ടുണ്ടെങ്കിലും രണ്ട് പാപ്പാൻമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ്. 2010 ലായിരുന്നു ഈ സംഭവം. എന്നാൽ മറ്റൊരു ആനയായ ലക്ഷ്മി ശാന്ത സ്വഭാവമുള്ളവളാണ്. ജംഗിൾ സഫാരി, ജംഗിൾ പട്രോളിംഗ് എന്നിവയിൽ ലക്ഷ്മി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇന്ത്യയിലെത്തിയ ചീറ്റകൾ ഇപ്പോൾ ക്വാറന്റൈനിലാണ്. ഒരു മാസം താത്കാലിക നിരീക്ഷണ സംവിധാനത്തിൽ കഴിയേണ്ടി വരും.