
ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക ഇടവേള നൽകി രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേയ്ക്ക്. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞത്. വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിൽ മടങ്ങിയെത്തുന്ന രാഹുൽ പിറ്റേന്ന് ചാലക്കുടിയിൽ നിന്ന് യാത്ര തുടരും.
അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടിയന്തരമായി ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടെ കെ സി ആലപ്പുഴയിൽ നിന്ന് ഡൽഹിയിലേയ്ക്ക് പോയി. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സംഘടനാപരമായ ചർച്ചയ്ക്കാണ് വിളിപ്പിച്ചതെന്നാണ് വിവരം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ, അശോക് ഗെലോട്ട് എന്നിവർക്കൊപ്പം മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്നാണ് വിവരം.
അതേസമയം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മത്സരിച്ചാൽ താൻ പിന്മാറുമെന്ന് ശശിതരൂർ എംപി വ്യക്തമാക്കി. എന്നാൽ താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കിയാൽ മാത്രമേ അദ്ധ്യക്ഷനാകൂ എന്ന് ഉപാധിവച്ചിരിക്കുകയാണ് അശോക് ഗെലോട്ട്.