
വീട് ഇല്ലാത്തവരെ കണ്ടെത്തി അവർക്ക് വീട് വയ‌്ക്കുന്നതിനായി 9.5 ലക്ഷം നേരിട്ട് കൈമാറുന്ന പദ്ധതിക്ക് തുടക്കമിട്ട് അമേരിക്കൻ നഗരമായ ഡെൻവർ. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതിക്ക് ഡെൻവർ ബേസിക് ഇൻകം പ്രോജക്‌ട് എന്നാണ് പേരു നൽകിയിരിക്കുന്നത്. വനിതകൾ, ട്രാൻസ് ജെൻഡേഴ്‌സ് എന്നിവരടക്കം 140 പേർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഇവർക്ക് നേരിട്ട് തന്നെ പണം കൈമാറും.
നിലവിൽ ഷെൽറ്റർ സംവിധാനത്തിൽ കഴിയുന്നവർക്ക് മാസം 1000 ഡോളർ നൽകുന്നതിനും കൗൺസിലിൽ തീരുമാനമായതായി മേയർ മിഷേൽ ബി ഹാൻകോക്ക് അറിയിച്ചു. സമൂഹത്തിൽ സ്വന്തമായി ഭവനം പോലും സാധ്യമാകാത്ത താഴേക്കിയയിലുള്ളവരുടെ ഉന്നമനമാണ് തങ്ങൾ ലക്ഷ്യം വയ‌്ക്കുന്നതെന്ന് പദ്ധതിയുടെ ഉപജ്ഞാതാവായ മാർക്ക് ഡൊനാവൻ പറഞ്ഞു. 820 പേർക്ക് ആദ്യഘട്ടത്തിൽ സഹായമെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഏഴ് മില്യൺ ഡോളർ സമാഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിജയകരമായി പൂർത്തിയാവുകയാണെങ്കിൽ മറ്റു നഗരങ്ങളിലേക്കും പ്രോജക്‌ട് വ്യാപിപ്പിക്കുമെന്നും ഡൊനാവൻ കൂട്ടിച്ചേർത്തു.