
ന്യൂഡൽഹി : ഉത്തേജക പരിശോധനയിൽ കുടുങ്ങിയ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ ഇന്ത്യൻ അത്‌ലറ്റ് എം.ആർ പൂവമ്മയ്ക്ക് രണ്ടുവർഷത്തെ വിലക്ക് വിധിച്ച് ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസിയുടെ (നാഡ)അപ്പീൽ പാനൽ. 2021 ഏപ്രിൽ 21ന് പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയ്ക്കിടെ നടത്തിയ പരിശോധനയിലാണ് പൂവമ്മയുടെ സാമ്പിളിൽ നിരോധിത മരുന്നായ മീഥൈൽ ഹെക്സനാമൈന്റെ അംശം കണ്ടെത്തിയത്. ബി സാമ്പിൾ പരിശോധനയിലും പരാജയപ്പെട്ടതോടെ അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അച്ചടക്കസമിതി മൂന്ന് മാസത്തേക്ക് വിലക്കിയിരുന്നു. എന്നാൽ ഇത് പോരെന്ന നിലപാടുമായാണ്നാഡ അപ്പീൽ കമ്മിറ്റിക്ക് മുന്നിലെത്തിയത്.
താൻ നിരോധിതമരുന്നുകളൊന്നും കഴിച്ചിട്ടില്ലെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം ബെഡ്ടൈം ലാറ്റേ എന്ന ആയുർവേദ മരുന്നാണ് കഴിച്ചതെന്നും പൂവമ്മ അപ്പീൽ കമ്മറ്റിക്ക് മുന്നിൽ വിശദീകരിച്ചിരുന്നു. എന്നാൽ വിലക്ക് രണ്ട് വർഷമാക്കിയതോടെ പൂവമ്മയ്ക്ക് അടുത്ത വർഷത്തെ ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും നഷ്ടമാകും.