
ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപുരിൽ അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിനെത്തിയ മത്സരാർത്ഥികൾക്ക് ടോയ്‌ലെറ്റിന് സമീപം ഭക്ഷണം നൽകിയത് വിവാദത്തിൽ. സംഭവത്തിൽ ജില്ലാ സ്പോർട്സ് ഒഫീസർ അനിമേഷ് സക്സേനയെ സസ്‌പെൻഡ് ചെയ്തു. കുട്ടികൾ ഭക്ഷണം വിളമ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്.
ഒരു പാത്രത്തിൽ നിന്ന് താരങ്ങൾ ചോറുവാരിയെടുക്കുന്നതും സമീപത്തായി പേപ്പറിൽ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 16 മുതൽ 18 വരെ ഭീം റാവു അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പങ്കെടുത്ത 200 ലധികം കായിക താരങ്ങൾക്കാണ് ടോയ്‌ലെറ്റിൽ ഭക്ഷണം നൽകിയത്. സ്ഥലമില്ലാത്തതിനാൽ ഭക്ഷണം താരങ്ങൾ ഡ്രസ് മാറുന്ന മുറിയിൽ സൂക്ഷിച്ചതാണെന്ന് അനിമേഷ് സക്സേനയുടെ വിശദീകരണം.
സംഭവത്തിൽ യു.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടതായി ജില്ലാ മജിസ്ട്രേറ്റ് അഖിലേഷ് സിംഗ് അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ടാക്കൂർ പ്രതികരിച്ചു