free-wifi

സോഷ്യൽ മീഡിയയിൽ ആകെ പരതി മൊബൈൽ ഡാറ്റ കാലിയാകുമ്പോൾ പലർക്കും രക്ഷകനായെത്തുന്നത് സുഹൃത്തുകളുടെ വൈ-ഫൈ ഹോട്ട്‌‌സ്പോട്ട് ആയിരിക്കും. അത് കൊണ്ട് തന്നെ എവിടെയെങ്കിലും ഫ്രീ വൈ-ഫൈ നെറ്റ്‌വർക്ക് ഉണ്ടെന്ന് കേട്ടാൽ ചുളുവിൽ മൊബൈൽ ഡാറ്റ ലാഭിക്കാനായി ചാടി വീഴാത്തവർ ചുരുക്കമായിരിക്കും. ചിലർ പ്രൈവറ്റ് വൈ-ഫൈ നെറ്റ്‌വർക്കുകളിൽ കയറിക്കൂടാനായി വെറുതേ പാസ്‌വേഡുകൾ അടിച്ച് ഭാഗ്യം പരീക്ഷിക്കാറുമുണ്ട്. അത്തരത്തിൽ ഫ്രീ വൈ-ഫൈ നെറ്റ്‌വർക്ക് മറ്റുള്ളവർക്കായി ഒരുക്കി നൽകിയ ഒരു മഹാമനസ്കൻ പറ്റിച്ച പണിയാണ് ഇപ്പോൾ സോഷ്യൽ മീ‌ഡിയയിൽ ചിരിമഴ സൃഷ്ടിക്കുന്നത്.

ടിക്ക് ടോക്കിലും പിന്നീട് ട്വിറ്ററിലും "ലോകത്ത് ഇപ്പോഴും നല്ലവരായ മനുഷ്യരുള്ലതിന് ദൈവത്തിന് നന്ദി" എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഫ്രീ വൈ-ഫൈ നെറ്റ്‌വർക്ക് എന്ന് ഒരിടത്ത് പോസ്റ്റർ പതിച്ചിരിക്കുന്നതായി കാണാം. പോസ്റ്ററിന് താഴെയായി തന്നെ നെറ്റ്‌വർക്കിൽ ജോയിൻ ചെയ്യാനുള്ള പാസ്‌വേഡും കുറച്ച് പേപ്പർ ചുരുളുകളായി ഒട്ടിച്ച് ചേർത്തിട്ടുണ്ട്. എന്നാൽ ഈ പാസ്‌വേഡ്, പോസ്റ്ററിൽ നിന്ന് ഇളക്കിയെടുക്കുമ്പോഴാണ് ശരിക്കുമുള്ള അമളി വെളിവാകുന്നത്. മീറ്ററുകൾ നീളം വരുന്ന പാസ്‌വേഡാണ് പോസ്റ്റർ പതിച്ച വിരുതൻ തയ്യാറാക്കിയത്. എടുക്കാൻ ശ്രമിക്കുന്തോറും ചുരുൾ നിവർന്ന് നീളം കൂടി വരുന്ന തരത്തിൽ അത് സമർഥമായി തന്നെ പോസ്റ്ററിന് താഴെ ഉൾപ്പെടുത്തുകയായിരുന്നു.

Thank god there are still good people in the worldpic.twitter.com/fcyGj4yZ13

— nftbadger (@nftbadger) September 16, 2022

എന്തായാലും വെറുതേ ലഭിക്കുന്നതിനെല്ലാം പുറകെ പോകുന്നത് അത്ര നല്ലതല്ല എന്ന് കണ്ടവരെ ചിന്തിപ്പിക്കുന്ന വീഡിയോ ഇതിനോടകം 7.3 ലക്ഷം പേരിലധികം പേർ കണ്ട് കഴിഞ്ഞു. "ഞാനിപ്പോഴും വൈ-ഫൈ പാസ്‌വേഡ് ടൈപ്പ് ചെയ്യുകയാണ്, ഇത് വരെ പകുതി വഴി പോലുമായില്ല" എന്നതടക്കമുള്ല രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ കുമിഞ്ഞു കൂടുന്നുണ്ട്.