ind-aus

മൊഹാലി: ടി20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയ്‌ക്ക് ഞെട്ടലായി ഓസ്‌ട്രേലിയയുമായുള‌ള ആദ്യ ട്വന്റി 20 ഫലം. കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത് ഞെട്ടിച്ച ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്‌ഡ് വെറും 21 പന്തിൽ 45 റൺസ് നേടി പുറത്താകാതെ നിന്ന് ഇന്ത്യയിൽ നിന്നും വിജയം തട്ടിയകറ്റി. 209 റൺസ് വിജയലക്ഷ്യവുമായി ബാറ്രിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്കായി വെയ്‌ഡിന് പുറമെ കാമറൂൺ ഗ്രീൻ (30 പന്തിൽ 61), സ്‌റ്റീവ് സ്‌മിത് (24 പന്തിൽ 35) എന്നിവരും മികച്ച രീതിയിൽ ബാറ്റ്‌ചെയ്‌തു. ഇതോടെ മത്സരം അവസാനിക്കാൻ നാല് പന്ത് മാത്രം ബാക്കി നിൽക്കെ ഓസ്‌ട്രേലിയ നാല് വിക്കറ്റിന് വിജയിച്ചു. സ്‌കോർ ഇന്ത്യ 208/6 (20), ഓസ്‌ട്രേലിയ 211/6(19.2).

ഓസ്‌ട്രേലിയ പിന്തുടർന്ന് ജയിക്കുന്ന രണ്ടാമത് മികച്ച സ്‌കോറാണ് ഇന്നത്തേത്. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാററിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് ആറ് ഓവറിന് മുൻപ് തന്നെ നായകൻ രോഹിത് ശർമ്മ(11), കൊഹ്‌ലി(1) എന്നിവരുടെ വിക്കറ്റുകൾ വേഗം നഷ്‌ടമായി. ഉപനായകൻ രാഹുൽ(55), സൂര്യകുമാർ യാദവ് (25 പന്തിൽ 46) എന്നിവർ ചേർന്ന് പത്തോവറിനകം പക്ഷെ ഇന്ത്യൻ സ്‌കോർ നൂറ് കടത്തി. രാഹുൽ പുറത്തായതോടെ എത്തിയ പാണ്ഡ്യ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. വെറും 30 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്‌സുമടക്കം 71 റൺസ് നേടി പാണ്ഡ്യ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയ്‌ക്കായി യുവതാനം നഥാൻ എല്ലിസ് 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്ര് വീഴ്‌ത്തി. ഹേസൽവുഡ് 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്‌ത്തി.

ഇന്ത്യയ്‌ക്കു വേണ്ടി അക്‌സ‌ർ പട്ടേൽ മികച്ച പ്രകടനം പുറത്തെടുത്തു. നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി അക്‌സർ മൂന്ന് വിക്കറ്ര് വീഴ്‌ത്തി. ഉമേഷ് യാദവ് രണ്ടോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി.