anoop

തിരുവനന്തപുരം: 25 കോടിയുടെ ബമ്പറടിച്ച തിരുവനന്തപുരം സ്വദേശി അനൂപിന് ഉപയോഗിക്കാൻ സാധിക്കുക 12.89 കോടിയോളം രൂപ മാത്രം. 25 കോടിയുടെ 10 ശതമാനം ഏജന്റ് കമ്മിഷനും 30 ശതമാനം നികുതിയും കുറച്ചാൽ കിട്ടുന്ന തുകയാണ് 15.75 കോടി. ഈ തുക അക്കൗണ്ടിലെത്തും. പക്ഷേ,​ പണി പിന്നെയുമുണ്ട്.

ഏജന്റ് കമ്മിഷനും ടി.ഡി.എസും ചേർന്ന തുക മാത്രമാണ് ലോട്ടറിവകുപ്പ് നേരിട്ട് പിടിക്കുന്നത്. ഇതിനു പുറമേ വേറെയും നികുതി അടയ്‌ക്കേണ്ടതുണ്ട്. സമ്മാനത്തുക അക്കൗണ്ടിലെത്തുന്നതോടെ അഞ്ചുകോടി രൂപയ്ക്കു മുകളിൽ വരുമാനമുള്ളയാളായി മാറുന്ന ഭാഗ്യവാൻ നികുതിയുടെ 37 ശതമാനം സർചാർജ് അടയ്ക്കണം. ഇതിനു പുറമേ നികുതിയും സെസ് ചാർജും ചേർന്ന തുകയുടെ നാലു ശതമാനം ആരോഗ്യവിദ്യാഭ്യാസ സെസ് ആയും അടയ്ക്കണം. അതായത് 25 കോടിയുടെ ബമ്പർ നേടിയ ആൾക്ക് 10 ശതമാനം ഏജന്റ് കമ്മിഷൻ കഴിഞ്ഞ് കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതിബാദ്ധ്യത 9,61,74,000 രൂപയാണ്. പണം അക്കൗണ്ടിലെത്തി രണ്ടുമാസത്തിനുള്ളിൽ ബാക്കി തുക അടയ്ക്കണം. വൈകിയാൽ ഓരോ മാസവും ഈ തുകയുടെ ഒരു ശതമാനം പിഴത്തുകയും അടയ്ക്കണം. ഭാഗ്യവാന്മാരിൽ ഭൂരിപക്ഷത്തിനും സർചാർജിനെക്കുറിച്ചും സെസിനെക്കുറിച്ചും ധാരണയില്ല. അതുകൊണ്ട് ഈ തുക അവർ അടയ്ക്കാറുമില്ല. വർഷാവസാനം വരുമാനനികുതി റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് ഈ തുകയും പിഴയും ചേർത്ത് അടയ്‌ക്കേണ്ടിവരുമ്പോഴേക്കും പലരും അക്കൗണ്ടിലെത്തിയ പണം ചെലവഴിച്ചുതുടങ്ങിയിരിക്കും. ഭാഗ്യവാന് പാപ്പരാകാനുള്ള വഴിയും ഇതോടെ തുറക്കുകയാണ്.