dogs

ആലപ്പുഴ: കന്നിമാസത്തിൽ നായ്ക്കളിൽ ഹോർമാൺ വ്യതിയാനം സംഭവിക്കുന്നതായി ശാസ്ത്രീയ പഠനഫലങ്ങളില്ലെങ്കിലും, പൊതുവേ പ്രജനന കാലമായതിനാൽ ഇവ അക്രമകാരികളാകാൻ സാധ്യത കൂടുതലുള്ള സമയമാണെന്ന് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധർ പറയുന്നു. മഴ ധാരാളമായി ലഭിച്ച്, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ കുറഞ്ഞിരിക്കുന്ന സമയമാണ്.

അതിനാൽ തന്നെ ഫെറമോണുകൾ (മൃഗങ്ങളും പ്രാണികളും പരിസ്ഥിതിയിലേക്ക് സ്രവിക്കുന്ന രാസവസ്തു) വഴി ഇണകളെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു. ഒരു വർഷത്തിൽ രണ്ട് മുതൽ മൂന്ന് തവണ വരെയാണ് നായ്ക്കളിലെ പ്രജനനം. ഇവ സ്ഥിരമായി തങ്ങുന്ന സ്ഥലങ്ങളിൽ സ്വയം അതിർത്തി നിശ്ചയിക്കാറുണ്ട്. ഫെറമോണുകൾ വഴി മറ്റിടങ്ങളിലെ നായ്ക്കൾ ഇണ തേടി എത്തുന്നതോടെയാണ് സ്ഥിരമായി പാർക്കുന്ന നായ്ക്കൾ കൂടുതൽ അക്രമകാരികളാകുന്നതെന്നാണ് മൃഗസംരക്ഷണ പ്രവർത്തകരുടെ വിലയിരുത്തൽ.

പൂച്ച അപകടകാരി

നായ്ക്കളെക്കാൾ പേ വിഷബാധ കൂടുതലുള്ളത് പൂച്ചകളിലാണെന്ന് ഡോക്ടർമാർ പറയുന്നു. ഇവയ്ക്ക് കൃത്യസമയത്ത് വാക്സിൻ നൽകാൻ കൂടുതൽ ജാഗ്രത പുലർത്തണം. ഇതിന് പുറമേ, കീരി, കുറുക്കൻ തുടങ്ങിയ ജീവികളിലും പേ വിഷമുണ്ട്. നാളുകൾക്ക് മുമ്പ് ജില്ലയിലെ കലവൂർ ഭാഗത്ത് കീരി കടിച്ച് നിരവധി ജീവികൾക്ക് പേ വിഷബാധ സംശയിക്കപ്പെട്ടതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് നടപടികൾ കൈക്കൊണ്ടിരുന്നു.

ജില്ലയിൽ 19 ഹോട്ട് സ്‌പോട്ടുകൾ

ഒരു മാസത്തിനുള്ളിൽ പത്തോ അതിലധികമോ നായകടി നടന്നിട്ടുള്ള സ്ഥലങ്ങളെയാണ് ഹോട്ട് സ്‌പോട്ടുകളായി കണക്കാക്കുന്നത്. ആലപ്പുഴ നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ നായകടി നടന്നിട്ടുള്ളത്. സർക്കാരിന് സമർപ്പിച്ച കണക്കിൽ 19 ഹോട്ട് സ്‌പോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പ്രകാരം എഴുപുന്ന, ചെറിയനാട് പഞ്ചായത്തുകൾ കൂടി ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുന്നുണ്ട്.

1. ആലപ്പുഴ നഗരസഭ, 2.ചെറുതന പഞ്ചായത്ത്, 3.താമരക്കുളം, 4.കരുവാറ്റ, 5.ചിങ്ങോലി, 6.ചെറിയനാട്, 7.പള്ളിപ്പാട്, 8.വെൺമണി, 9.പുളിങ്കുന്ന്, 10.അമ്പലപ്പുഴ സൗത്ത്, 11.കാർത്തികപ്പള്ളി, 12.കാവാലം, 13.ചേന്നം പള്ളിപ്പുറം, 14.വെളിയനാട്, 15.ചേർത്തല നഗരസഭ, 16.കോടംതുരുത്ത്, 17.മാരാരിക്കുളം വടക്ക്, 18.തൈക്കാട്ടുശേരി, 19.അരൂർ

വാക്സിനേഷൻ പൂർത്തിയാക്കിയത്

16,000 നായ്ക്കൾ (ഏപ്രിൽ മുതൽ ആഗസ്റ്റ് 31 വരെ)

ആകെ നായ്ക്കൾ (2019 സെൻസസ് പ്രകാരം

വളർത്തുനായ്ക്കൾ 66,000

തെരുവ് നായ്ക്കൾ 20,000

എ.ബി.സി അനിവാര്യം

വളർത്തു നായ്ക്കളെ അപേക്ഷിച്ച് 5 മുതൽ 8 വയസ് വരെയാണ് തെരുവുനായ്ക്കളുടെ ആയുസ്. പലപ്പോഴും രോഗം ബാധിച്ച് ഇവ ചത്തുപോവുകയാണ് പതിവ്. എ.ബി.സി പദ്ധതി തിരിച്ച് വന്നാൽ അടുത്ത എട്ട് വർഷത്തിനുള്ളിലെങ്കിലും, നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.