flipkart

തിരക്കേറിയ ജീവിതത്തിൽ വീടുകളിലെയും അടുക്കളയിലേക്കും ജോലികൾ എളുപ്പമാക്കുന്ന ഉപകരണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അടുത്തകാലത്തായി ജനങ്ങൾ ഓൺലൈൻ മുഖേന സാധനങ്ങൾ വാങ്ങുന്നതിന് ഏറെ താത്പര്യമാണ് കാണിക്കുന്നത്. ഇത്തരത്തിൽ ഓൺലൈനിലൂടെ ആളുകൾ വാങ്ങുന്ന വീട്ടുപകരണങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ട്. കമ്പനി നൽകുന്ന വിവരപ്രകാരം വാട്ടർ പ്യൂരിഫയറുകൾ, വാക്വം ക്ലീനർ, ജ്യൂസർ മിക്സർ, ഗ്രൈൻഡറുകൾ, മൈക്രോവേവ് എന്നീ ചെറു വീട്ടുപകരണങ്ങൾ വാങ്ങുന്നതിനാണ് ഇപ്പോൾ ഇന്ത്യൻ കുടുംബങ്ങൾ ശ്രദ്ധ നൽകുന്നത്. ഈ വർഷം ഇവയുടെ ആവശ്യം 25ശതമാനം വർദ്ധിച്ചതായും കമ്പനി അവകാശപ്പെടുന്നു.


തിരക്കേറിയ നഗര ജീവിതശൈലി, അണുകുടുംബങ്ങളുടെ എണ്ണത്തിലെ വർധന, കുറഞ്ഞ സമയത്തിനുള്ളിൽ ദൈനംദിന ജോലികൾ പൂർത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് ഒരു കാലത്ത് അനാവശ്യമെന്ന് കരുതിയിരുന്ന ഈ ഉപകരണങ്ങളിലേക്ക് കണ്ണ് പതിയാൻ കാരണം. ഇതിനൊപ്പം ഈ ഉപകരണങ്ങളിൽ അടുത്തിടെ നിർമ്മാതാക്കൾ വരുത്തിയ സാങ്കേതിക മെച്ചപ്പെടുത്തലുകളും ആളുകളെ ആകർഷിക്കുന്നുണ്ട്. ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പഴയ ഉൽപ്പന്നം പുതിയതിലേക്ക് മാറ്റാനും ആളുകൾ താത്പര്യപ്പെടുന്നതും വിൽപ്പന വർദ്ധിപ്പിക്കുന്നു.

ഗൃഹോപകരണങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം മനസിലാക്കി പുതിയ നിരവധി കമ്പനികളാണ് ഈ മേഖലയിൽ പ്രവേശിച്ചിരിക്കുന്നത്. 27ലധികം പുതിയ ബ്രാൻഡുകൾ ഈ സെഗ്‌മെന്റിൽ പ്രവേശിച്ചു. റോബോട്ടിക് വാക്വം ക്ലീനർ, ടച്ച് മിക്സർ ഗ്രൈൻഡറുകൾ തുടങ്ങിയ പുതിയവ ഏറെ സ്വീകാര്യമായി തീർന്നിട്ടുണ്ട്.