
ആരോഗ്യകരമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ആയുർവേദം. ചില ഭക്ഷണങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിൽ വിഷം എത്തുന്നതിന് തുല്യമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ഇതാണ് വിരുദ്ധ ആഹാരങ്ങൾ. ഇവ കഴിക്കുന്നതിലൂടെ പല തരത്തിലുള്ള അസുഖങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നു. കൂടാതെ ദഹനക്കേട്, അമിതവണ്ണം, ഓക്കാനം എന്നിവ വരുന്നതിനും കാരണമാകുന്നു. ഇത്തരത്തിൽ ശരീരത്തിന് മാരകമായ പ്രശ്നങ്ങളുണ്ടാക്കുന്ന ആഹാരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പഴം, പാൽ
പഴവും പാലും ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാൽ ഇവ ഒന്നിച്ച് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചുമ, ജലദോഷം, അലർജി തുടങ്ങിയ പല പ്രശ്നങ്ങളിലേയ്ക്കും ഇത് നിങ്ങളെ നയിക്കുന്നു. ഇവ ഒന്നിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നു.
തൈര്, വെണ്ണ
രണ്ടും പാലിൽ നിന്ന് ഉണ്ടാക്കുന്നതാണെങ്കിലും ഇവ ഒന്നിച്ച് കഴിക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവ വരുത്തും. ശരീരത്തിൽ കഫത്തിന്റെ പ്രശ്നം കൂടുന്നതിനും ഇത് കാരണമാകുന്നു.
ആപ്പിൾ, തണ്ണിമത്തൻ
തണ്ണിമത്തനിൽ ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആപ്പിൾ പോലുള്ള മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
മുട്ട, ഉരുളക്കിഴങ്ങ്
മുട്ടയിൽ ധാരാളം പ്രോട്ടീനും ഉരുളക്കിഴങ്ങിൽ അന്നജവും അടങ്ങിയിട്ടുണ്ട്. അന്നജത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലേയ്ക്ക് പ്രോട്ടീൻ ആഗിരണം ചെയ്യുന്നതിനെ ഇത് തടസപ്പെടുത്തുന്നു. അതിനാൽ ഇവ ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.