pump

ആവശ്യങ്ങൾ നടപ്പാകുമോയെന്ന് ആശങ്ക

കൊച്ചി: സമരം മാറ്റിവച്ചെങ്കി​ലും മന്ത്രി​തല ചർച്ചയി​ൽ അംഗീകരി​ച്ച ആവശ്യങ്ങൾ അടി​യന്തരമായി​ നടപ്പാക്കി​യി​ല്ലെങ്കി​ൽ പെട്രോൾ പമ്പുകൾ അടച്ചി​ട്ടുള്ള സമരത്തെക്കുറി​ച്ച് വീണ്ടും ആലോചി​ക്കേണ്ടി​വരുമെന്ന് ഡീലർമാർ. നി​ലവി​ൽ സംസ്ഥാനത്തെ 650 എച്ച്.പി.സി പമ്പുകൾക്ക് പ്രതിദിനം 450ലോഡ് ഇന്ധനമാണ് വേണ്ടത്. എന്നാൽ കമ്പനികൾ നൽകുന്നതാകട്ടെ 250ൽ താഴെയും. ഈ സാഹചര്യത്തി​ലാണ് സമര സാദ്ധ്യത ശക്തമായി​ ഡീലർമാർ മുന്നോട്ടുവയ്ക്കുന്നത്. തങ്ങൾക്ക് ആവശ്യമായത്ര ലോഡ് ഇന്ധനം എത്തി​ക്കുമെന്ന് കമ്പനി​കൾ നൽകുന്ന ഉറപ്പ് പ്രായോഗി​കമായി​ നടപ്പാകുമോയെന്ന ആശങ്കയി​ലാണി​വർ.

എച്ച്.പി.സി ഉൾപ്പെടെയുള്ള പമ്പുകൾക്ക് ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കുക, എക്‌സട്രാ പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും ഡീലർമാരെ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെട്രോളിയം ഡീലർമാർ 23ന് സമരം പ്രഖ്യാപിച്ചി​രുന്നത്. മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് സമരം നീട്ടി​വയ്ക്കാൻ തീരുമാനമായത്.

ഇന്ധന വിതരണം സുഗമമാക്കുമെന്ന് കമ്പനികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി​ പറഞ്ഞു. കപ്പൽ മാർഗം ഇന്ധനം എത്തിച്ചിട്ടുണ്ടെന്നാണ് കമ്പനികൾ നൽകി​യ വി​വരമെന്ന് മന്ത്രി​ അറി​യി​ച്ചു.

ഡീലർമാരുമായി കൊച്ചിയിലെ ഐ.ഒ.സി ആസ്ഥാനത്ത് സ്റ്റേറ്റ് ലെവൽ കോ ഓർഡിനേറ്റർ എസ്.കെ. ബെഹ്റ നടത്തിയ ചർച്ച പരാജയപ്പെട്ടതി​നെത്തുടർന്നാണ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ, ആൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് എന്നീ സംഘടകളുടെ പ്രതിനിധികൾ മന്ത്രി​യുമായി​ ചർച്ചനടത്തി​യത്.

ഐ.ഒ.സി ഒഴികെയുള്ള കമ്പനികൾ പൊതു അവധി ദിനങ്ങളിൽ ഇന്ധനം വിതരണം ചെയ്യുന്നില്ലെന്നതും ഡീലർമാർക്ക് തലവേദനയായിരുന്നു. ഇതേത്തുടർന്നാണ് ഡീലർമാർ സമരം പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതി രൂപീകരിക്കുകയും ഡീലർമാർക്കുള്ള ഇന്ധന വിതരണം ഈ സമിതിയുടെ നിയന്ത്രണത്തിലാക്കുകയും വേണമെന്ന് ഡീലർമാർ ആവശ്യപ്പെട്ടിരുന്നെങ്കി​ലും ഇതിനു പകരമായി ഒരു മാസക്കാലം നേരിട്ട് പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും പ്രതിനിധികൾ അറിയിച്ചു.

കമ്പനി​കൾ പറയുന്നത്

1 ഇന്ധന ക്ഷാമത്തിന് കാരണം ബൈബാക്ക് സംവിധാനത്തിലെ പാളിച്ചകൾ

2 റിഫൈനറിയിൽ നിന്ന് ആവശ്യത്തി​ന് പെട്രോൾ ലഭിക്കുന്നില്ല

...................................................

കപ്പൽ മാർഗം ഇന്ധനം ഇന്നലെ എത്തിച്ചിട്ടുണ്ടെന്നാണ് കമ്പനികൾ അറിയിച്ചത്. ഇന്ധന വിതരണം സുഗമമാക്കുമെന്ന് കമ്പനികളുടെ ഭാഗത്ത് നി​ന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഡീലർമാർ ആവശ്യപ്പെട്ടതനുസരിച്ചുള്ള

നിരീക്ഷണ സമിതി രൂപീകരണം പിന്നീട് പരിഗണിക്കും.
ജി.ആർ. അനിൽ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി

.....................................................
സർക്കാരിന്റെ ഭാഗത്തു നിന്ന് രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. ഒരുമാസം സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ആവശ്യങ്ങൾ പൂർണമായി നടപ്പായില്ലെങ്കിൽ സമരം നടത്തും
ആർ. ശബരീനാഥ്
ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ്