cricket

ഇന്ത്യയു‌ടെ ലോകകപ്പ് പ്രതീക്ഷകളെ സമ്മർദ്ദത്തിലാക്കി ആസ്ട്രേലിയ്ക്ക് എതിരായ ആദ്യ ട്വന്റി-20യിലെ തോൽവി

മൊഹാലി : ഏഷ്യാകപ്പിലെ തോൽവികളിൽ നിന്ന് പിഴവുകൾ മനസിലാക്കി തിരുത്തുവാനിറങ്ങിയ രോഹിത് ശർമ്മയും കൂട്ടരും ആസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ട്വന്റി-20യിലും തോറ്റതോടെ ഒരു കാര്യം ഉറപ്പായി ; ആ തോൽവികളിൽ നിന്ന് ഇന്ത്യൻ ടീം ഒന്നും പഠിച്ചിട്ടില്ല. ഏഷ്യാകപ്പിൽ പാകിസ്ഥാനോടും ശ്രീ ലങ്കയോടും സംഭവിച്ച അതേ പാളിച്ചകൾതന്നെ ആസ്ട്രേലിയ്ക്കെതിരെയും ആവർത്തിക്കുകയായിരുന്നു ഇന്ത്യ.

മൊഹാലിയിൽ നടന്ന ആദ്യ ട്വന്റി-20യിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 208/6 എന്ന സ്കോർ ഉയർത്തിയിട്ടുപോലും ജയിക്കാനായില്ല. കംഗാരുക്കൾ 19.2 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 211 റൺസിലെത്തുകയായിരുന്നു. 30 പന്തുകളിൽഏഴുഫോറും അഞ്ചുസിക്സുകളുമടക്കം 71 റൺസ് നേടി പുറത്താകാതെ നിന്ന ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ 200കടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 55 റൺസ് നേടിയ ഓപ്പണർ കെ.എൽ രാഹുലും 46 റൺസടിച്ച സൂര്യകുമാർ യാദവും സ്കോർ ബോർഡ് ഉയർത്തുന്നതിൽ പങ്കുവഹിച്ചപ്പോൾ നായകൻ രോഹിത് ശർമ്മ(11) , മുൻനായകൻ വിരാട് കൊഹ്‌ലി (2),അക്ഷർ പട്ടേൽ(6),ദിനേഷ് കാർത്തിക് (6) എന്നിവർ നിരാശപ്പെടുത്തി.

മറുപടിക്കിറങ്ങിയ ഓസീസ് നിരയിൽ ഓപ്പണർ കാമറൂൺ ഗ്രീൻ(61),മാത്യുവേഡ് (45*),സ്മിത്ത് (35),നായകൻ ആരോൺ ഫിഞ്ച്(22), ടിം ഡേവിഡ് (18) എന്നിവരുടെ പോരാട്ടമാണ് വിജയത്തിലേക്ക് നയിച്ചത്.

ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വിനയായത് മൂന്ന് കാര്യങ്ങളാണ്.

1.മദ്ധ്യനിരയുടെ നിരുത്തരവാദപരമായ ബാറ്റിംഗ്

2.ലക്ഷ്യബോധമില്ലാത്ത ഡെത്ത് ഓവർ ബൗളിംഗ്

3.നിസാരമായ ക്യാച്ചുകൾ പോലും കളയുന്ന ഫീൽഡിംഗ്

മൊഹാലിയിൽ ഈ പിഴവുകൾ ഒന്നും പരിഹരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ശക്തമായ രീതിയിൽ ആവർത്തിക്കുകയും ചെയ്തു. ടോസ് നഷ്ടമായത് ഈ മൂന്ന് തോൽവികളിലും നിർണായകമായിരുന്നുവെങ്കിലും അതിനെയൊക്കെ അപ്രസക്തമാക്കുന്ന രീതിയിൽ നിരുത്തരവാദപരമായ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവച്ചത്.

മൊഹാലിയിൽ തോൽവി വന്ന വഴി

1. ബാറ്റിംഗ് ഈസിയായ പിച്ചിൽ 200ലേറെ റൺസ് സ്കോർ ചെയ്തത് ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാൻ മതിയാകുമായിരുന്നില്ല. രോഹിത്(11),വിരാട് (2) എന്നിവരുടെ ബാറ്റിംഗിലെ പതർച്ചയെക്കാൾ ഇന്ത്യയുടെ വേഗം കുറച്ചത് ഹാർദിക് പാണ്ഡ്യയ്ക്ക് പിന്തുണ നൽകാൻ മദ്ധ്യനിര ബാറ്റർമാരായ ദിനേഷ് കാർത്തിക്(6),അക്ഷർ പട്ടേൽ (6) എന്നിവർക്ക് കഴിയാതെ പോയതാണ്. അവസാന ഓവറുകളിൽ ഇവർകൂടി മിന്നിയിരുന്നെങ്കിൽ ഇന്ത്യ 225ന് മേൽ സ്കോർ ചെയ്തേനെ.

2. അവസാന ഓവറുകളിൽ റൺസ് വഴങ്ങുന്നതിൽ ഇന്ത്യൻ ബൗളർമാർക്ക് ഒരു നിയന്ത്രണവുമുണ്ടാതിരുന്നില്ല. ഭുവനേശ്വർ കുമാർ ഏഷ്യാകപ്പിലും നന്നായി തല്ലുവാങ്ങിയത് കോച്ച് ദ്രാവിഡിന് തലവേദനയാണ്. നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ഒഴികെ എല്ലാ ബൗളർമാരും കൈ അയച്ച് കംഗാരുക്കളെ സഹായിച്ചു. ഭുവി നാലോവറിൽ 52 റൺസും ഹർഷൽ നാലോവറിൽ 49 റൺസും നൽകിയത് വലിയ തിരിച്ചടിയായി.

3. ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ അർഷ്ദീപ് ക്യാച്ച് കൈവിട്ടതാണ് വിവാദമായിരുന്നെങ്കിൽ ആസ്ട്രേലിയയ്ക്ക് എതിരെ ടീമംഗ്ളിൽ പലരും പുറത്തെടുത്ത ഫീൽഡിംഗിന് ഒരു നിലവാരവുമുണ്ടായിരുന്നില്ല.20-25 റൺസ് വരെ തടുത്തിടാൻ ശേഷിയുള്ള ഫീൽഡർമാർ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഫീൽഡിംഗും വച്ച് ലോകകപ്പിന് പോയാൽ ഒന്നും പ്രതീക്ഷിക്കേണ്ട.

മൂന്ന് മത്സരപരമ്പരയിൽ ഓസ്ട്രേലിയ 1-0ത്തിന് മുന്നിൽ

രണ്ടാം മത്സരം നാളെ നാഗ്പുരിൽ

റൺ വിട്ടുകൊട‌ുക്കൽ മേള

മൊഹാലിയിൽ ഇന്ത്യൻ ബൗളർമാരുടെ പ്രകടനം ഇങ്ങനെയായിരുന്നു.

(ബൗളർ,ഓവർ,മെയ്ഡൻ,റൺസ്,വിക്കറ്റ് എന്ന ക്രമത്തിൽ )

ഭുവനേശ്വർ 4-0-52-0

ഉമേഷ് 2-0-27-2

അക്ഷർ പട്ടേൽ 4-0-17-3

ചഹൽ 3.2-0-42-1

ഹർഷൽ 4-0-49-0

ഹാർദിക് 2-0-22-0