cmo

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പണമുപയോഗിച്ച് പ്രവർ‌ത്തിക്കുന്ന സർവകലാശാലകളിൽ പിൻസീ‌റ്റ് ഡ്രൈവിംഗ് നടത്താൻ സംഘപരിവാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ രാഷ്‌ട്രീയ പരീക്ഷണശാലയാകാൻ സർവകലാശാലകളെ വിട്ടുകൊടുക്കില്ലെന്നും മതനിരപേക്ഷ സമൂഹം ഇതിനോട് നെഞ്ചുംവിരിച്ച് പോരാടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജസ്ഥാനിലും തമിഴ്‌നാട്ടിലും ബംഗാളിലും ഗവർണർമാരെ ഉപയോഗിച്ച് സംഘപരിവാർ ബന്ധമുള‌ള വിസിമാരെ നിയമിക്കാൻ ശ്രമമുണ്ട്. അതിനാണ് സർക്കാരുകളുമായി ഗവർണർമാർ അലോസരമുണ്ടാകുന്നത്. കേരള സർവകലാശാലയിലും ഏകപക്ഷീയമായി വിസിമാരെ നിയമിക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. കാസർകോട് കേന്ദ്ര സർവകലാശാലയിൽ യുജിസി നിഷ്‌കർഷിച്ച യോഗ്യതയുള‌ളവരെ മറികടന്ന് എബിവിപി തമിഴ്‌നാട് മുൻ സംസ്ഥാന പ്രസിഡന്റിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചെന്നും ആദ്യം വിസിയെ നിശ്ചയിക്കുകയും പിന്നെ വിസിയിലൂടെ സംഘപരിവാറുകാരെ സർവകലാശാലയിൽ നിയമിക്കുകയും ചെയ്യുന്ന അജണ്ടയ്‌ക്ക് നിന്നുകൊടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂ‌ർ വിസിയുടെ പുനർ‌നിയമന വിഷയത്തിൽ കണ്ണൂർ സർവകലാശാല നിയമം 10ാം വകുപ്പനുസരിച്ച് നിലവിലെ വൈസ് ചാൻസലറെ പുനർനിയമിക്കാൻ വ്യവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഹൈക്കോടതി ഫലത്തിൽ അംഗീകരിച്ചതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെ സർവകലാശാലകളിൽ കേരള സ‌ർവകലാശാലയ്‌ക്ക് എൻ.എ.എ.സിയുടെ എ പ്ളസ് പ്ളസ് കിട്ടി, കാലിക്കറ്റ് സർവകലാശാലയ്‌ക്ക് എ പ്ളസ് കിട്ടി. എംജി സർവകലാശാലയ്‌ക്ക് എ ഗ്രേഡ് ലഭിച്ചു. ഇതൊന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.