
ചെന്നൈ : വിവാഹം കേവലം ലൈംഗിക സുഖത്തിന് വേണ്ടി മാത്രമല്ലെന്നും അതിന്റെ മുഖ്യലക്ഷ്യം പ്രത്യുത്പാദനമാണെന്നും ദമ്പതികൾ ഓർക്കണമെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ഒൻപതും ആറും വയസുള്ള മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഭർത്താവിനെതിരെ അഭിഭാഷക നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കുട്ടികളുടെ കസ്റ്റഡിക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്ന ദമ്പതികൾ , അതിന്റെ ദുരിതം അനുഭവിക്കുന്നത് കുട്ടികൾ തന്നെയാണെന്ന വസ്തുത ഓർക്കണമെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി ചൂണ്ടിക്കാട്ടി. വിവാഹം കേവല ലൈംഗിക സുഖത്തിനല്ല, അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദനവും അതുവഴി കുടുംബത്തിന്റെ തുടർച്ചയുമാണ്. വിവാഹത്തിലൂടെ ഒന്നായ രണ്ടു പേരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമാണ് കുട്ടികളെന്നും കോടതി പറഞ്ഞു.
.2009ൽ വിവാഹിതരായ ദമ്പതികൾ 2021 മുതൽ പിരിഞ്ഞാണ് കഴിയുന്നത്. ഭാര്യ തൊട്ടപ്പുറത്തെ ഫ്റ്റാറ്റിലേക്കു താമസം മാറിയപ്പോൾ മക്കൾ അച്ഛനൊപ്പം തുടർന്നു. യുവതിയുടെ മാതാപിതാക്കളും ഭർത്താവിന്റെ അതേ കെട്ടിടത്തിൽ മറ്റൊരു ഫ്ലാറ്റിലാണ് താമസം. ഭർത്താവ് ജോലിക്കു പോവുമ്പോൾ ഇവരാണ് കുട്ടികളെ നോക്കുന്നത്. മക്കളെ സന്ദർശിക്കാൻ യുവതിയെ അനുവദിച്ചുകൊണ്ട് നേരത്തെ കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതു പാലിക്കപ്പെട്ടില്ലെന്ന് യുവതി ചൂണ്ടിക്കാട്ടി. ഭർത്താവിന്റെ പെരുമാറ്റത്തെ വിമർശിച്ച കോടതി ഹർജിയിൽ അന്തിമ തീർപ്പാവുന്നതു വരെ മക്കളെ അമ്മയ്‌ക്കൊപ്പം വിടാൻ ഉത്തരവിട്ടു.