putin

മോസ്കോ : ഇന്നലെ രാവിലെയാണ് യുക്രെയിനിലേക്ക് റിസർവ് സൈനികരെ അയക്കുന്ന വിവരം വീഡിയോ സന്ദേശത്തിലൂടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രാജ്യത്തെ അറിയിച്ചത്. ആണവ ഭീഷണി ഉയർത്തുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ കൈവശമുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കുമെന്ന് പുട്ടിൻ തന്റെ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിരുന്നതിൽ നിന്ന് 13 മണിക്കൂർ താമസിച്ചാണ് പുട്ടിന് ഈ പ്രസംഗം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി നടത്തേണ്ടിയിരുന്ന പ്രസംഗം പുട്ടിന് കടുത്ത ചുമയും ചെറിയ നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെ വൈകുകയായിരുന്നു എന്നാണ് വിവരം. ഒരു റഷ്യൻ ടെലിഗ്രാം ചാനലിനെ ഉദ്ധരിച്ച് ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രസംഗം റെക്കോഡ് ചെയ്യാൻ പലതവണ ശ്രമിച്ചെങ്കിലും പുട്ടിന് ചുമയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ തടസ്സപ്പെട്ടു. നാലാം തവണയും റെക്കോഡിംഗ് പരാജയപ്പെട്ടതോടെ ഡോക്ടർമാരെത്തി പുട്ടിനെ പരിശോധിച്ചു. 69കാരനായ പുട്ടിന് ആരോഗ്യനില സംബന്ധിച്ച നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

പുട്ടിന് ഗുരുതരമായ രോഗമുണ്ടെന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ അഭിപ്രായം. പുട്ടിന് കാൻസറും പാർക്കിൻസൺസ് രോഗവുമുണ്ടെന്ന തരത്തിലെ റിപ്പോർട്ടുകൾ നേരത്തെ പല തവണ പുറത്തുവന്നെങ്കിലും ക്രെംലിൻ വൃത്തങ്ങൾ അത് നിഷേധിച്ചിരുന്നു.