navaratry

ഹിന്ദു ആചാരപ്രകാരം വളരെയധികം പ്രാധാന്യമുള‌ള കാലമാണ് നവരാത്രിക്കാലം. അശ്വിനമാസത്തിലെ ഒൻപത് ദിവസങ്ങളിൽ ദുർഗാദേവിയുടെ ഒൻപത് രൂപങ്ങളെ അഥവാ നവദുർഗമാരെ വിശ്വാസികൾ ഭക്തിയോടെ പ്രാർത്ഥിക്കുന്നു. ഈ ഒൻപത് ദിവസങ്ങളിലും നവരാത്രിവ്രതം നോൽക്കുന്നവർക്ക് സ്വർഗലോകത്ത് നിന്നുമെത്തുന്ന ദുർഗാദേവിയുടെ അനുഗ്രഹം ലഭിക്കും എന്ന് വിശ്വാസികൾ കരുതുന്നു. ശക്തിയും ഐശ്വര്യവും ധൈര്യവുമാണ് ദേവി വരമായി നൽകുക.

എന്നാൽ ഈ വ്രതമനുഷ്‌ഠിക്കാൻ ചില പ്രത്യേകതരം ഭക്ഷണരീതിയെല്ലാം പിന്തുടരണം. കാരണം ഈ വ്രതവും ആചാരത്തിന്റെ ഭാഗമാണ് എന്നത് തന്നെ. മത്സ്യ മാംസാദികളും മദ്യവും വെളുത്തുള‌ളിയും ഉള‌ളിയും വർജിച്ചേ തീരൂ. മത്സ്യ മാംസാദികളുടെയും മദ്യത്തിന്റെയും കാര്യം ഏവർക്കും അറിയാമെങ്കിലും എന്തിനാണ് വെളുത്തുള‌ളിയും ഉള‌ളിയും വർജിക്കുന്നതെന്ന് അറിവുണ്ടാകില്ല. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് ആയുർവേദത്തിൽ സാത്വിക, രാജസ,താമസ എന്നിങ്ങനെ ആഹാരങ്ങളെ മൂന്നായി തിരിക്കാറുണ്ട്. ഇതിൽ രാജസ ഗുണമുള‌ളതാണ് വെളുത്തുള‌ളി. താമസ ഗുണമുള‌ളതാണ് ഉള‌ളി. ഇവ രണ്ടും ശരീരത്തിൽ പിത്തരസത്തിന്റെയും ചൂടിന്റെയും ഉൽപാദനം വർദ്ധിപ്പിക്കുന്നു എന്നാണ് ആയുർവേദ വിധി. അതിനാൽ ശരീരത്തിൽ ദോഷമുണ്ടാകും. ഇത്തരം ഭക്ഷണം ഒഴിവാക്കുകയും ഉപവസിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ബവൽ മൂവ്‌മെന്റ് നിയന്ത്രിക്കപ്പെടുകയും ശോധന കൃത്യമാകുകയും അതുവഴി ശരീരത്തിന് ഗുണമുണ്ടാകുകയും ചെയ്യും.

നവരാത്രിയ്‌ക്ക് ആഹാരത്തിന് പച്ചക്കറികൾ, പഴങ്ങൾ, തൈര്, പാൽ, ആട്ട എന്നിവ ഉപയോഗിക്കാം. എന്നാൽ എണ്ണ ഉപയോഗിച്ച് തയ്യാറാക്കുന്നതൊന്നും ആഹാരമാക്കാൻ പാടില്ല. ഫലേച്ഛയോ കള‌ളത്തരമോ ഇല്ലാതെ ഇവയെല്ലാം കൃത്യമായി പാലിച്ച് ഉപവസിക്കുന്നവർക്ക് തൃപ്‌തിയും അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം.