
കൊച്ചി: കൊച്ചിയെ ആവേശക്കടലാക്കി ആയിരങ്ങളുടെ അകമ്പടിയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല വരവേല്പ്. ഗുരുദേവ സമാധി ദിനമായ ഇന്നലെ രാവിലെ 6.25ന് കുമ്പളം ടോൾ പ്ലാസയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഗുരുദേവ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാഹുൽ യാത്ര തുടങ്ങിയത്.
പുഷ്പാർച്ചനയ്ക്ക് ശേഷം 6.35ന് മാടവന ജംഗ്ഷനിൽ രാഹുലെത്തുമ്പോഴേക്ക് ദേശീയപാത ആയിരങ്ങളെക്കൊണ്ട് നിറഞ്ഞു. വാഹനത്തിൽ നിന്നിറങ്ങിയ രാഹുൽ ഒരു നിമിഷം പോലും പാഴാക്കാതെ വേഗത്തിൽ നടന്നു തുടങ്ങി. ദേശീയപാതയുടെ ഇടപ്പള്ളി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി നിരോധിച്ചായിരുന്നു യാത്ര. രാഹുലിനെ അഭിവാദ്യം ചെയ്യുന്നതിനും ഫോട്ടോയെടുക്കുന്നതിനുമായി പാതയുടെ ഇരുവശത്തും ആയിരങ്ങൾ അണിനിരന്നു.
നിറചിരിയോടെ കൈകളുയർത്തി പ്രത്യഭിവാദ്യം ചെയ്താണ് രാഹുൽ മുന്നോട്ട് നീങ്ങിയത്. ഇരുവശത്തും സുരക്ഷാ- പൊലീസ് ഉദ്യോഗസ്ഥരും പ്രവർത്തകരും ചേർന്ന് വടംകൊണ്ട് സുരക്ഷാവലയം തീർത്തിരുന്നു. തന്നെക്കാണാൻ തിക്കിത്തിരക്കിയവരെ സുരക്ഷാ ഉദ്യോഗസ്ഥർ വലിച്ചു മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴെല്ലാം അരുതെന്ന് രാഹുൽ വിലക്കി. വലയം ഭേദിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കിയത് ചിലയിടത്ത് ഉന്തിലും തള്ളിലുമാണ് കലാശിച്ചത്. പലയിടത്തും ബാൻഡ് മേളവും തെയ്യവുമുൾപ്പെടെയുള്ള കലാരൂപങ്ങളുടെയും അകമ്പടിയുണ്ടായിരുന്നു.
9.45 ഓടെ വൈറ്റില ജംഗ്ഷനിൽ യാത്രയെത്തിയപ്പോൾ രാഹുൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിൽ കയറി. അരമണിക്കൂർ ഇവിടെ ചെലവിട്ടു. മാടവനയിലും വൈറ്റിലയിലും മറ്റും ജാഥക്കൊപ്പമുള്ള മുഴുവൻ പ്രവർത്തകർക്കും ലഘു ഭക്ഷണം കഴിച്ചു.
11.50ന് ഇടപ്പള്ളി ജംഗ്ഷനിലെത്തിയപ്പോൾ ആയിരക്കണക്കിനാളുകളാണ് ഒപ്പം ചേർന്നു. ഇവിടെ വിശ്രമിച്ച ശേഷം വൈകിട്ട് അഞ്ചിന് സൗത്ത് കളമശേരിയിൽ നിന്ന് ആലുവയിലേക്കുള്ള യാത്ര ആരംഭിച്ചത്.
കോൺഗ്രസ് വക്താവ് ജയറാം രമേശ്, സച്ചിൻ പൈലറ്റ്, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എം. ഹസൻ, ബെന്നി ബെഹനാൻ, കെ. മുരളീധരൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ്, അൻവർ സാദത്ത്, റോജി എം. ജോൺ, ടി.ജെ. വിനോദ്, ഉമ തോമസ്, ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് തുടങ്ങിയ നേതാക്കൾ മുഴുവൻ സമയവും ജാഥയെ അനുഗമിച്ചു.
ഹസനൊപ്പം സെൽഫിയെടുത്ത് രാഹുൽ
കൊച്ചി: ഭാരത് ജോഡോ യാത്രയ്ക്ക് അകമ്പടിയായി ജവഹർ ബാലജനവേദി കുട്ടികൾ സംഘടിപ്പിച്ച റോളർ സ്കേറ്റിംഗും ഉണ്ടായിരുന്നു. യാത്രയുടെ ഇടയിൽ ഇത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് നേതാവ് എം.എം. ഹസൻ താൻ മുമ്പ് സ്കേറ്റിംഗ് സംഘടനയുടെ ഭാരവാഹിത്വം വഹിച്ചിരുന്നുവെന്നും അന്ന് പരിശീലിക്കാനൊന്നും പറ്റിയില്ലെന്നും രാഹുലിനോട് പറഞ്ഞു. ഇത് കേട്ടയുടൻ എന്നാൽ ഇപ്പോൾ തന്നെ പരിശീലിച്ചുകളയാം എന്നുപറഞ്ഞ് ഹസനെ ചേർത്ത് നിർത്തി. ഇത് കണ്ട നേതാക്കളുടെ മുഖത്തും നിറചിരി. പിന്നാലെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഹസനൊപ്പം സെൽഫിയെടുത്ത് അത് നേതാക്കളെ കാണിക്കുകയും ചെയ്തു രാഹുൽ.
ചുറുചുറുക്കോടെ രാഹുൽ,
ഓടിത്തളർന്ന് നേതാക്കൾ
കൊച്ചി: രാവിലെ 6.25മുതൽ ഇടപ്പള്ളിയിൽ യാത്രയെത്തുന്നത് വരെ ഒരേ ആവേശത്തോടെയാണ് രാഹുൽ ഗാന്ധി മുന്നോട്ട് നീങ്ങിയത്. കത്തുന്ന വെയിലിൽ യുവനേതാക്കൾ പോലും വാടിത്തളർന്നപ്പോഴും ചൂടിനെ അവഗണിച്ച് നിറചിരിയോടെയായിരുന്നു രാഹുലിന്റെ നടത്തം. അതിവേഗം നടന്ന നായകനൊപ്പമെത്താൻ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ നന്നേ പാടുപെട്ടു. എം.എം. ഹസനും രമേശ് ചെന്നിത്തലയും കെ. സുധാകരനും കെ. മുരളീധരനുമുൾപ്പെടെ നടന്ന് തളർന്നു. ഷാഫി പറമ്പിലും ഹൈബിയും റോജിയും ഉൾപ്പെടെയുള്ള യുവനേതാക്കൾക്കു പോലും പലപ്പോഴും റോഡരികിലെ മരത്തണൽ ആശ്വാസമാക്കുന്നത് കാണാമായിരുന്നു.  അപ്പോഴും അടുത്തെത്തുന്നവരോടെല്ലാം സംസാരിച്ചും ഫോട്ടോയെടുത്തും കാര്യങ്ങൾ തിരക്കിയും രാഹുൽ മുന്നോട്ട് കുതിച്ചു.
യുവതുർക്കികളെ ചേർത്ത്
നിർത്തി രാഹുൽ മാജിക്
കൊച്ചി: ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്നലെ കെ. സുധാകരൻ, എം.എം. ഹസൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും രാഹുൽ കൂടുതൽ ചേർത്തു നിർത്തിയത് യുവ നേതാക്കളെ.
രാഹുൽ ബ്രിഗേഡ് എന്ന പേരിൽ അറിയപ്പെടുന്ന യുവനേതാക്കളമായി രാഹുൽ നിരന്തര സംഭാഷണം നടത്തിക്കൊണ്ടിരുന്നു. കുമ്പളത്ത് നിന്ന് നടന്നു തുടങ്ങിയപ്പോൾ മുതൽ സച്ചിൻ പൈലറ്റുമായി ഗൗരവമായി തന്നെയുള്ള ചർച്ചകൾ കഴിഞ്ഞാൽ രാഹുൽ ഏറെ നേരം സംസാരിച്ചത് ഹൈബി ഈഡൻ എം.പിയുമായാണ്. വൈകിട്ട് യാത്ര ആലുവയിൽ അവസാനിക്കും വരെ രാഹുലിനോട്ന്റെ ചേർന്ന് ഹൈബിയുണ്ടായിരുന്നു. റോജി ജോൺ എം.എൽ.എ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ, ജെബി മേത്തർ തുടങ്ങിയ യുവനേതാക്കളുമായി പലവട്ടം ആശയ വിനിമയം നടത്തുകയും ചെയ്തു.
ബെറ്റിൽ തോറ്റ് ബെന്നി ബെഹ്നാൻ
കൊച്ചി: ഭാരത് ജോഡോ യാത്ര വൈറ്റിലയിലെത്തിയപ്പോൾ സമയം 9.40 കഴിഞ്ഞു. രാഹുൽ ഗാന്ധിയും നേതാക്കളും ഇവിടുത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണം കഴിക്കുന്നതിനിടെ ബെന്നി ബെഹ്നാൻ യാത്ര ഒരു മണിക്കൂറിനുള്ളിൽ ഇടപ്പള്ളിയിലെത്തുമെന്ന് ഒരു കമന്റ് പാസാക്കി. അത് കേട്ട രാഹുൽ ഇടപ്പള്ളിയിലെത്താൻ രണ്ട് മണിക്കൂറെങ്കിലുമെടുക്കുമെന്ന് പറഞ്ഞു. ബെന്നിവിട്ടില്ല. ഒരു മണിക്കൂർ മതിയെന്ന് ആവർത്തിച്ചു. ഒടുവിൽ ബെറ്റെന്ന് ബെന്നി. അങ്ങനെ യാത്ര പുനരാരംഭിച്ചു വേഗത ഒട്ടും കുറയ്ക്കാതെ നടന്നെങ്കിലും ഇടപ്പള്ളിയിൽ എത്തുമ്പോൾ 11.50 കഴിഞ്ഞു. ബെറ്റ് മറക്കാത്ത രാഹുൽ ഗാന്ധി കൈയുയർത്തി ബെന്നി ബെഹ്നാനെ വാച്ച് കാണിക്കുന്നുണ്ടായിരുന്നു.