putin

മോസ്കോ: യുദ്ധത്തിലെ അപ്രതീക്ഷിത തിരിച്ചടികൾക്ക് പിന്നാലെ യുക്രെയിൻ അധിനിവേശത്തിന് മൂന്നു ലക്ഷം റിസർവ് ബെറ്റാലിയനെ തയ്യാറാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചതോടെ രാജ്യത്തുനിന്ന് യുവാക്കളും മദ്ധ്യവയസ്കരും വൻതോതിൽ പലായനം ചെയ്യുന്നു. പതിനെട്ടിനും അറുപത്തഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് പ്രധാനമായും രാജ്യം വിടുന്നത്. രാജ്യത്തുനിന്ന് പുറത്തേക്കുള്ള വിമാന ടിക്കറ്റുകൾ ഒറ്റദിവസം കൊണ്ട് വിറ്റുതീർന്നു. എത്രതുകകൊടുത്തും ടിക്കറ്റെടുക്കാൻ തയ്യാറായി ജനങ്ങൾ വിമാനത്താവളങ്ങളിലേക്ക് ഒഴുകുകയാണ്. വൺവേ ടിക്കറ്റുകൾ മാത്രമാണ് ഇവർക്കെല്ലാം ആവശ്യം. സ്വന്തം രാജ്യത്തേക്ക് മടങ്ങിവരുന്നതിനെപ്പറ്റി ആലോചിക്കുന്നേയില്ല എന്നാണ് അവർ പറയുന്നത്. ഇതിനിടെ അപകടം മനസിലാക്കിയ അധികൃതർ 18–65 വയസിന് ഇടയിലുള്ളവർ രാജ്യം വിടുന്നത് വിലക്കുകയും ചെയ്തു. രാജ്യത്ത് പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയും പടർന്നിട്ടുണ്ട്.

ഇന്നലെ രാവിലെ ടെലിവിഷൻ അഭിസംബോധനയിലൂടെയാണ് റിസർവ് സൈനികരെ അയയ്ക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപനം നടത്തിയത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ആണവ ഭീഷണിയുണ്ടായാൽ വിശാലമായ ആയുധശേഖരം മുഴുവൻ പുറത്തെടുക്കുമെന്നും പുട്ടിൻ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുട്ടിൻ ഇത്രയും മൂർച്ചയേറിയ മുന്നറിയിപ്പ് നൽകുന്നത്.

20 ലക്ഷം റിസർവ് ബെറ്റാലിയനാണ് റഷ്യയ്‌ക്കുള്ളത്. റിസർവ് ലിസ്റ്റിലുള്ളവരെയും സായുധ സേനകളിൽ സേവനമനുഷ്ഠിച്ചവരെയുമാണ് പുട്ടിന്റെ ഉത്തരവ് ബാധിക്കുന്നത്. ഇവർ നിർബന്ധിത സൈനിക സേവനത്തിന് വിധേയരാകും. ഇവരെ വിവിധ യൂണിറ്റുകളിൽ വിന്യസിക്കും മുമ്പ് നിർബന്ധിത പരിശീലനം നൽകും. ഇതിനുള്ള നടപടി ഇന്നലെ ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

യുക്രെയിനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത നാല് പ്രദേശങ്ങളിൽ നാളെ ഹിതപരിശോധന നടക്കാനിരിക്കെയാണ് പുട്ടിന്റെ പ്രഖ്യാപനം. ഇവിടങ്ങൾ പിടിച്ചെടുത്ത് അധിനിവേശത്തിന് വിരാമമിടാനാണോ പുട്ടിന്റെ നീക്കമെന്നും ഒരു വിഭാഗം നിരീക്ഷകർ സംശയിക്കുന്നു.

ലക്ഷ്യം ക്രൈമിയയിലേക്ക് കരഇടനാഴി

യുക്രെയിന്റെ കിഴക്കൻ അതിർത്തിയിൽ നിന്ന് കരിങ്കടൽ തീരത്തുള്ള ക്രൈമിയയിലേക്കുള്ള കര ഇടനാഴി സൃഷ്ടിക്കലാണ് റഷ്യൻ ശ്രമം. റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള ഡോൺബാസ് മേഖലയിലെ ലുഹാൻസ്ക്, ഡൊണെസ്ക് പ്രവിശ്യകളിലും സൈന്യം പിടിച്ചെടുത്ത ഖേഴ്സൺ, സെപൊറീഷ്യ മേഖലകളിലും നാളെ മുതൽ 27 വരെ നടക്കുന്ന ഹിതപരിശോധനയിൽ വിജയിച്ചാൽ ഇത് സാദ്ധ്യമാകും. മാത്രമല്ല യുക്രെയിന്റെ 15 ശതമാനം സ്ഥലവും റഷ്യയുടെ ഭാഗമാകും. 2014ൽ ക്രൈമിയ ഉപദ്വീപ് പിടിച്ചെടുത്തതിന് സമാനമാണിത്.

russia

ഹിത പരിശോധനയിൽ വിജയിച്ച് കഴിഞ്ഞ ശേഷം ഈ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ യുക്രെയിൻ നീങ്ങിയാൽ ഏത് വിധേനയും തിരിച്ചടിക്കാനാണ് റഷ്യ റിസർവ് സൈന്യത്തെ ഇറക്കുന്നത്. അധിനിവേശത്തിന്റെ തുടക്കത്തിൽ സ്വന്തമാക്കിയ ഖാർക്കീവ് ഉൾപ്പെടെയുള്ള മേഖലകൾ തങ്ങളുടെ കൈയ്യിൽ നിന്ന് യുക്രെയിൻ തിരിച്ചുപിടിച്ചതാണ് ഹിതപരിശോധന വേഗത്തിലാക്കാൻ റഷ്യയെ പ്രേരിപ്പിച്ചത്.

ഹിത പരിശോധന

 നാളെ മുതൽ വരുന്ന ചൊവ്വാഴ്ച വരെ നടക്കുമെന്നാണ് വിവരം

 ഡൊണെസ്ക്, ലുഹാൻസ്ക്, ഖേഴ്സൺ, സെപൊറീഷ്യ എന്നിവിടങ്ങളിൽ

 റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള ഡൊണെസ്ക്, ലുഹാൻസ്ക് പ്രവിശ്യകളെ വ്ലാഡിമിർ പുട്ടിൻ ഫെബ്രുവരിയിൽ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചിരുന്നു

 ഖേഴ്സന്റെയും സെപൊറീഷ്യയുടെയും ഭാഗങ്ങൾ അധിനിവേശത്തിന്റെ ആദ്യനാളുകളിൽ റഷ്യ പിടിച്ചെടുത്തു

 യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സെപൊറീഷ്യയിലാണ്

 ഈ നാല് പ്രവിശ്യകളും പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലല്ല

 നാല് പ്രവിശ്യകളിലെയും കൂടി ആകെ 90,000 ചതുരശ്ര കിലോമീറ്ററിലേറെ പ്രദേശമാണ് റഷ്യയുടെ നിയന്ത്രണത്തിലുള്ളത്. ഇത് യുക്രെയിന്റെ ആകെ വിസ്തൃതിയുടെ ഏകദേശം 15 ശതമാനത്തോളം ഭൂപ്രദേശമാണ്

 2014ൽ റഷ്യ യുക്രെയിനിൽ നിന്ന് പിടിച്ചെടുത്ത ക്രൈമിയയേയും ഈ നാല് പ്രദേശങ്ങൾക്കൊപ്പം കൂട്ടുകയാണെങ്കിൽ യു.എസ് സംസ്ഥാനമായ പെൻസിൽവേനിയയോളം വലിപ്പമുള്ള ഭൂപ്രദേശം റഷ്യയുടെ ഭാഗമാകും

 റഷ്യയുടെ ഹിതപരിശോധനയ്ക്കെതിരെ യുക്രെയിനും പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഹിതപരിശോധനയിലൂടെ ഈ പ്രദേശങ്ങൾ റഷ്യയോടൊപ്പം കൂട്ടിച്ചേർക്കപ്പെടുകയും യുക്രെയിൻ തിരിച്ചടിയ്ക്കുകയും ചെയ്താൽ അധിനിവേശം കൂടുതൽ സങ്കീർണമാകും. ആണവായുധങ്ങൾ പ്രയോഗിക്കാൻ മടിക്കില്ലെന്ന് റഷ്യ സൂചന നൽകിക്കഴിഞ്ഞു. നാറ്റോ രാജ്യങ്ങളുടെയോ യു.എസിന്റെയോ ഇടപെടൽ ഉണ്ടായാൽ മറ്റൊരു ലോകയുദ്ധത്തിലേക്ക് തന്നെ വഴിതുറക്കാം

 നിലവിൽ പാശ്ചാത്യ ഉപരോധങ്ങളും യുക്രെയിനിലെ തിരിച്ചടിയും റഷ്യയെ സാമ്പത്തികമായും സൈനികപരമായും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. റഷ്യയ്ക്കകത്ത് തന്നെ പുട്ടിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ അധിനിവേശത്തിന്റെ ഗതി നിശ്ചയിക്കുന്നതിൽ പുട്ടിന്റെ തീരുമാനങ്ങൾ നിർണായകമാകും