ksrtc-attack

തിരുവനന്തപുരം: മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകൾക്കുമുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ പ്രവർത്തി കേരള സമൂഹം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടുകയും പ്രതികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, ഓഫീസ് അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച്, റിട്ട. ജീവനക്കാരൻ അജി എന്നിവർക്കെതിരെയാണ് മർദ്ദനമേറ്റ പ്രേമനന്റെ മകൾ രേഷ്മയുടെ മൊഴി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ‌്തു. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ പൊതുസമൂഹത്തോട് മാപ്പു പറയുകയും ചെയ്യുകയുണ്ടായി.

ഇപ്പോഴിതാ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ മറ്റൊരു വാർത്ത പുറത്തുവരികയാണ്. കെ.എസ്.ആർ.ടി.സിക്ക് ലക്ഷങ്ങളുടെ പരസ്യം നൽകിയിരുന്ന ജൂവലറി ഗ്രൂപ്പ് കമ്പനിയുമായുള്ള എഗ്രിമെന്റിൽ നിന്നും പിൻവാങ്ങി. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അച്ചായൻസ് ഗോൾഡാണ് കെ.എസ്.ആർ.ടി.സിയുമായുള്ള എഗ്രിമെന്റിൽ നിന്നും പിൻവാങ്ങിയത്. വളരെ ഞെട്ടലുണ്ടാക്കിയ സംഭവത്തിൽ ഏറെ വേദനയുണ്ടായി എന്ന് അച്ചായൻസ് ഗോൾഡ് മാനേജർ ഷിനിൽ കുര്യൻ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.

achayans-gold

മനസിനെ നോവിക്കുന്ന വീഡിയോ കണ്ടതോടെയാണ് ജൂവലറിയുടെ ഭാഗത്തുനിന്നും കെഎസ്ആർടിസിയെ ഒഴിവാക്കുന്ന തീരുമാനം ഞങ്ങളുടെ എം.ഡി ടോണി എടുത്തത്. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നുള്ളതാണ് അച്ചായൻസിന്റെ രീതി. മാത്രമല്ല കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന തുകയുടെ ഒരു ഭാഗം ജീവനക്കാരുടെ മർദ്ദനമേറ്റ പെൺകുട്ടിയുടെ കുടുംബത്തിനു നൽകുവാനും ജൂവലറി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. നാലുവർഷത്തെ യാത്ര സൗകര്യത്തിനുള്ള തുക എന്ന നിലയിലാണ് ഇതു നൽകുന്നത്. അച്ചായൻസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ തുക ഇന്ന് കുട്ടിയുടെ വീട്ടിലെത്തി കൈമാറുമെന്നും ഷിനിൽ കുര്യൻ അറിയിച്ചു.

20 ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 180,000 രൂപയാണ് അച്ചായൻസ് ഗ്രൂപ്പ് കെഎസ്ആർടിസിക്ക് നൽകി വന്നത്. കഴിഞ്ഞ ആറുമാസമായി ഇത് തുടരുന്നു. മൂന്ന് മാസത്തെ കരാർ പുതുക്കേണ്ട സമയം ഇപ്പോഴായിരുന്നു. ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ കരാർ ഇനി പുതുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. കെഎസ്ആർടിസി നന്നാകുന്ന സൂചനകൾ ലഭിച്ചു തുടങ്ങിയാൽ പരസ്യം നൽകുന്ന കാര്യം വീണ്ടും ആലോചിക്കാമെന്നും ഷിനിൽ കുര്യൻ വ്യക്തമാക്കി.