
ന്യൂയോർക്ക്: കടയുടെ വാതിൽ തുറക്കാൻ സഹായിച്ചതിന് നന്ദി പറയാത്തതിനെ തുടർന്നുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. യു.എസിലെ ബ്രൂക്ക്‌ലിനിലെ പാർക്ക് സ്ലോപ്പിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കടയിലെത്തിയ അപരിചിതന് അവിടെയുണ്ടായിരുന്ന യുവാവ് വാതിൽ തുറന്നു നൽകി. എന്നാൽ അപരിചിതൻ തന്നോട് നന്ദി പറയാതെ പോയതോടെ യുവാവ് ചോദ്യം ചെയ്തു. പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതിനിടെ പുറത്തേക്കു പോയ അപരിചിതൻ തന്റെ വാഹനത്തിലുണ്ടായിരുന്ന കത്തിയുമായെത്തി യുവാവിനെ കുത്തുകയായിരുന്നു. കഴുത്തിലും വയറ്റിലും കുത്തേറ്റ് നിലത്തുവീണ യുവാവിനെ കടയിലുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതിയുടെയോ മരിച്ച യുവാവിന്റെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെട്ട പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.