
ഹൈദരാബാദ്: ആർ എസ് എസ് നേതാവ് മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയ മുസ്ളീം നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഹൈദരാബാദ് എം. പി ആയ അസദുദ്ദീൻ ഒവൈസി. ആർ എസ് എസ് മേധാവിയായ മോഹൻ ഭഗവത് കഴിഞ്ഞ മാസം കൂടിക്കാഴ്ച്ച നടത്തിയ അഞ്ച് മുസ്ളീം സമുദായ നേതാക്കളെ വരേണ്യ വർഗത്തിൽപ്പെട്ടവർ എന്നാണ് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ കൂടിയായ ഒവൈസി വിശേഷിപ്പിച്ചത്. മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി, മുൻ ഡൽഹി ഗവർണർ നജീബ് യുങ്, അലിഗഡ് മുസ്ലീം സർവ്വകലാശാല മുൻ ചാൻസലർ സമീർ ഉദ്ദിൻ ഷാ, മുൻ എംപി ഷാഹിദ് സിദിഖി, ബിസിനസുകാരൻ സയീദ് ഷെർവാണി എന്നീ നേതാക്കളാണ് മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയ പ്രമുഖർ.
"ലോകത്തിന് തന്നെ ആർ എസ് എസിന്റെ ആദർശം എന്താണ് എന്ന് വ്യക്തമായി അറിയാം, എന്നിട്ടും അവർ അയാളെ (മോഹൻ ഭഗവതിനെ) പോയി കണ്ടു. അവർ മുസ്ളീം സമുദായത്തിലെ വരേണ്യ വർഗത്തിൽപ്പെടുന്നവരാണ്, അവർക്ക് യാഥാർഥ്യ ബോധമില്ല. അവർക്ക് ശരിയാണെന്ന് തോന്നുന്നത് എന്തും ചെയ്യാം പക്ഷേ ഞങ്ങൾ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല" ഒവൈസി പറഞ്ഞു. "ഈ വരേണ്യ വർഗത്തിൽപ്പെട്ടവർ വലിയ അറിവുള്ളവരാണെന്നാണ് സ്വയം കരുതുന്നത്. എന്നാൽ സുഖലോലുപരായി ജീവിക്കുന്ന അവർക്ക് ശരിക്കും എന്താണ് ഇവിടെ നടക്കുന്നതിനെപ്പറ്റി ബോധ്യമില്ല. അവർക്ക് തീർച്ചയായും ആർ എസ് എസ് മേധാവിയെ പോയി കാണാം. അതിനുള്ള ജനാധിപത്യ അവകാശം അവർക്കുണ്ട്. പക്ഷേ അത് പോലെ തന്നെ ഞങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശം അവർക്കില്ല".അദ്ദേഹം തുടർന്നു.
സാമുദായിക ഐക്യം ശക്തിപ്പെടുത്താനാണ് മുസ്ളീം നേതാക്കളുമായി ചർച്ച നടത്തിയത് എന്നാണ് മോഹൻ ഭഗവത് ഈ കൂടിക്കാഴ്ച്ചകളെ കുറിച്ച് വിശദീകരിച്ചത്. അതേ സമയം ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്‍റെ മുഖ്യ പുരോഹിതൻ ഉമർ അഹമ്മദ് ഇല്യാസിയുമായി ഇന്ന് മോഹൻ ഭഗവത് ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കസ്തൂർബാ ഗാന്ധി മാർഗിലുള്ള പള്ളിയിൽ വെച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ട ചർച്ച നടന്നത്.