
മോസ്‌കോ: യുക്രെയിനിലേക്ക് റിസർവ് സൈനികരെ അയയ്ക്കുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് നൽകുന്നത് നിറുത്തിവയ്ക്കാൻ റഷ്യൻ വിമാന കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകി. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ പ്രായത്തിലുള്ളവർക്ക് റെയിൽവേ ടിക്കറ്റുകളും നൽകുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. രാജ്യത്ത് പട്ടാള നിയമം നിലവിൽ വന്നേക്കുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.
പുട്ടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബുധനാഴ്ച റഷ്യയ്ക്ക് പുറത്തേക്കുള്ള വിമാന ടിക്കറ്റുകൾ മുഴുവനും റെക്കോഡ് വേഗത്തിൽ വിറ്റഴിച്ചിരുന്നു. യുവാക്കൾ കൂട്ടത്തോടെ രാജ്യംവിടാൻ തുടങ്ങിയതോടെയാണ് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. രാജ്യംവിടുന്നതിന് യുവാക്കൾക്ക് പ്രതിരോധ മന്ത്രാലയ അധികൃതരുടെ അനുമതി വേണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചതായും സൂചനയുണ്ട്.