
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ട് ജിതിൻ കൃത്യം നടത്തിയത് പ്രദേശിക നേതാക്കളുമായി ആലോചിച്ചെന്ന് പൊലീസ്. ജിതിൻ ഇക്കാര്യം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം ജിതിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു . എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എ.കെ.ജി സെന്റർ ആക്രമണം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റുചെയ്യുന്നത്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത നിറത്തിലുള്ള ബ്രാൻ്ഡഡ് ടീഷർട്ടും ഷൂവുമാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തി. ടീ ഷർട്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തിരുവനന്തപുരം ജില്ലയിൽ ഇതേ ടീ ഷർട്ട് വാങ്ങിയ 14 പേരിൽ ഒരാൾ ജിതിനാണെന്ന് തെളിഞ്ഞു. ഇതേ ടീ ഷർട്ടും ഷൂവും ധരിച്ചുള്ള ചിത്രം ജിതിന്റെ ഫോണിൽ നിന്ന് ഫോറൻസിക് സംഘം കണ്ടെത്തി. വനിതാ സുഹൃത്തിനെയും വിശദമായി ചോദ്യം ചെയ്യും.