kk

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി നടന്ന റെയ്‌ഡിൽ അറസ്റ്റിലായത് 45 പേർ. എൻ,​ഐ.എയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ റെയ്ഡിൽ 150ലധികം പേരെയാണ് 11 സംസ്ഥാനങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതിൽ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 45 പേർ. തമിഴ്നാട്ടിൽ 11 പേരും കർണാടകയിൽ ഏഴുപേരും ആന്ധ്രയിൽ നാലുപേരും രാജസ്ഥാനിൽ രണ്ടുപേരും അറസ്റ്റിലായി. രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന പരാതിയിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

കേരളത്തിൽ അറസ്റ്റിലായവരിൽ ചിലരെ ഡൽഹിയിൽ എത്തിച്ചു. ഒ.എം.എ സലാം, ജസീർ കെ.പി, നസറുദ്ദീൻ എളമരം, മുഹമ്മദ് ബഷീർ, ഷഫീർ കെ.പി, പി. അബൂബക്കർ, പി .കോയ,ഇ .എം. അബ്ദുൾ റഹ്മാൻ തുടങ്ങി 14 പേരെയാണ് ഡൽഹിയിൽ എത്തിച്ചത്. രണ്ടുപേരെ കൊച്ചി വഴിയും 12 പേരെ കരിപ്പൂർ വഴിയുമാണ് കൊണ്ടുപോയത്.

പുലർച്ചെ ഒരു മണിക്കാണ് രഹസ്യ ഓപ്പറേഷൻ എൻ.ഐ.എ തുടങ്ങിയത്. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻ.ഐ.എ, ഇ.ഡി ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറു കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. 1500ലധികം ഉദ്യോഗസ്ഥർ റെയ്ഡുകളിൽ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പോപ്പുലർ ഫ്രണ്ട് പ്രതികരിച്ചു. റെയ്ഡിനും അറസ്റ്റിനുമെതിരെ പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.