sanju-samson

ചെന്നൈ: ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് മുതൽ ട്വിറ്ററിൽ ട്രെൻഡിംഗായി തുടരുകയാണ് മലയാളി വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്‌മാനായ സഞ്ജു സാംസൺ. സഞ്ജു ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാതെ പോയതിന്റെ അരിശം ആരാധകർ ബി. സി.സി.ഐയോട് തീർത്തത് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയായിരുന്നു. ലോകകപ്പ് റിസർവ് ടീമിൽ പോലും താരത്തിനെ ഉൾപ്പെടുത്താത്തതിലുള്ള ആരാധകരുടെ നിരാശയ്ക്കും ദേഷ്യത്തിനും തെല്ലൊരു അയവ് വന്നത് ഇന്ത്യ ന്യൂസിലന്റ് എ ടീം പരമ്പരയ്ക്ക് സഞ്ജുവിനെ നായകനായി തീരുമാനിച്ച് കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് ശേഷമാണ്. ന്യൂസിലാന്റിനെതിരെ ഇന്ത്യൻ എ ടീമിനെ നയിക്കുന്ന സ‌ഞ്ജുവിന് കേരളത്തിന് പുറത്തും ലഭിക്കുന്ന സ്വീകാര്യത വെളിവാക്കുന്ന വീഡിയോ ട്വിറ്റർ വഴി തരംഗമാവുകയാണ് ഇപ്പോൾ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന രണ്ടാം ഏകദിന മത്സരത്തിൽ സഞ്ജു ബാറ്റിംഗിനായി ഗ്രൗണ്ടിലെത്തുമ്പോൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ആരാധകർ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം.

"Sanju Samson" that's it.pic.twitter.com/XJNDqIv7qo

— Praneesh (@praneeshppr) September 22, 2022

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സഞ്ജുവിന് വലിയൊരു ആരാധക വൃന്ദം തന്നെയുള്ളതിന് തെളിവായാണ് പല ആരാധകരും വീഡിയോ ഷെയർ ചെയ്യുന്നത്. ന്യൂസിലാന്റിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.