
ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് എല്ലാ ഭരണകൂടങ്ങളും പ്രാധാന്യം നൽകുന്നത്. അതു കൊണ്ടുതന്നെയാണ് കേന്ദ്രസർക്കാരിന്റെ പി.എം.എ.വൈയും സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയും ഒക്കെ ഏറെ പ്രിയങ്കരമാകുന്നത്. വികസിത രാജ്യങ്ങളിൽ പോലും സ്വന്തമായി വീടില്ലാതെ തെരുവിൽ അന്തിയുറങ്ങുന്നവരുണ്ട്. ലോകത്തെ സമ്പന്നരാജ്യമായ അമേരിക്കയിലലും സ്ഥിതി വ്യത്യസ്തമല്ല. വീടില്ലാതെ തെരുവിൽ കഴിയുന്നവർക്കായി പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് അമേരിക്കയിലെ ഡെൻവർ നഗരത്തിലെ ഭരണകർത്താക്കൾ.
നഗര കൗൺസിലിന് കീഴിലുള്ള ഷെൽട്ടർ സംവിധാനത്തിൽ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട ഭവനരഹിതർക്ക് ഓരോരുത്തർക്കും അടുത്ത വർഷം 12000 ഡോളർ ( ഒൻപതര ലക്ഷം രൂപ) കൈമാറാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇത്തരക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിനായുള്ള നീക്കങ്ങൾക്ക് മുന്നോടിയായാണ് ധനസഹായം നൽകാൻ തീരുമാനം. അടിസ്ഥാന വരുമാനം എന്ന നിലയിലാവും ധനസഹായം നൽകുന്നത്.സ്ത്രീകൾ, ട്രാൻസ്ജെൻഡറുകൾ എന്നീ വിഭാഗങ്ങളിൽ അടക്കമുള്ളവർ ഉൾപ്പെടുന്ന 140 വ്യക്തികൾക്കും കുടുംബങ്ങൾക്കുമാണ് ധനസഹായം നൽകുന്നത്. ഡെൻവർ ബേസിക് ഇൻകം പ്രോജക്ട് എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. അർഹരായവർക്ക് ഓരോ മാസവും ആയിരം ഡോളർ (79000 രൂപ) വീതം നൽകും.
പദ്ധതി നടത്തിപ്പിനായി രണ്ട് മില്യൻ ഡോളറാണ് ഭരണകൂടം നീക്കി വയ്ക്കുന്നത്. അമേരിക്കൻ റെസ്ക്യൂ പ്ലാൻ ആക്ട് ഫണ്ടിൽ നിന്നാണ് ഈ തുക സ്വരൂപിക്കുന്നത്.ഡെൻവറിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കപ്പെടുന്നത്.
ഡെൻവറിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെങ്കിലും മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും വിജയകരമായി പദ്ധതി നടത്താൻ സാധിച്ചിട്ടുണ്ട്. പരീക്ഷണഘട്ടം പൂർത്തിയായാൽ അടുത്ത ഘട്ടത്തിൽ 820 പേർക്ക് സഹായം നൽകാനാവും. നിലവിൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വീടുകൾ ലഭിക്കുന്നതിന് രാജ്യത്ത് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.