
തിരുവനന്തപുരം: ദേശീയ, സംസ്ഥാന നേതാക്കളെ എൻ ഐ എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ കെ എസ് ആർ ടി സി സ്റ്റാൻഡിനുള്ളിൽ ബസുകൾ തടഞ്ഞു. കൊച്ചിയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കോഴിക്കോട് കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളത്ത് നിലവിൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുന്നില്ല. അതേസമയം, ഹർത്താലിൽ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഹർത്താലിന്റെ ഭാഗമായി ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിരുന്നു. കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ, അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ എന്നിവർക്കെതിരെ കേസ് എടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദേശമുണ്ട്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഹർത്താൽ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താർ അറിയിച്ചിരുന്നു. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പി എസ് സി  പരീക്ഷ മാറ്റമില്ല
തിരുവനന്തപുരം: പി എസ് സി ഇന്ന് നടത്താൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ഇതോടൊപ്പം നിയമനപരിശോധനകളും കൃത്യമായി നടക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്റർവ്യൂ  മാറ്റി
തിരുവനന്തപുരം : സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മനുഷ്യാവകാശ കമ്മിഷൻ ഓഫീസിൽ ഇന്ന് നടത്താനിരുന്ന ഡ്രൈവർമാരുടെ അഭിമുഖം ഒക്ടോബർ മൂന്നിലേയ്ക്ക് മാറ്റിവച്ചു.
സ്പോട്ട് അഡ്മിഷനും  പരീക്ഷകളും മാറ്റി
തിരുവനന്തപുരം : കേരളസർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബി എഡ് പ്രവേശനത്തിനായി കൊല്ലം എസ് എൻ കോളേജിൽ നടത്താനിരുന്ന സ്പോട്ട് അഡ്മിഷൻ ഈമാസം 25ലേക്കും മാറ്റി.
കെ എസ് ആർ ടി സി  സർവീസ്  നടത്തും
തിരുവനന്തപുരം : കെ എസ് ആർ ടി സി സാധാരണ പോലെ സർവീസ് നടത്തും. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടും.