raid

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കള്ളപ്പണം വെളുപ്പിക്കലിലുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. നേതാക്കൾക്കെതിരെ രണ്ട് കുറ്റപത്രങ്ങളാണ് ഇഡി സമർപ്പിച്ചത്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പി എഫ് ഐ നേതാക്കളായ അഷറഫ് ഖാദിർ, അബ്ദുൾ റസാഖ് പീടിയയ്ക്കൽ എന്നിവർക്കെതിരെയാണ് ആദ്യ കുറ്റപത്രം.

അഷറഫ് ഖാദിറും, അബ്ദുൾ റസാഖും പി എഫ് ഐയിലെ മറ്റ് നേതാക്കളുമായും വിദേശ സ്ഥാപനങ്ങളിലുള്ളവരുമായും ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാർ വില്ല പ്രോജക്ട് വികസിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷൻ പ്രസിഡന്റു കൂടിയായിരുന്നു അബ്ദുൾ റസാഖ്. പി എഫ് ഐയുടെ സംസ്ഥാന നിർവാഹക സമിതിയംഗമായ അഷറഫ് ഖാദിർ, അബുദാബിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ദർബാർ റസ്റ്റോറന്റിന്റെ ഉടമയായിരുന്നുവെന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.

മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസിലാണ് ഇഡി രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചത്. 2021 ഫെബ്രുവരിയിൽ ഹാഥ്‌റസ് സംഭവത്തിന് പിന്നാലെ വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടെന്ന് ആരോപിച്ച് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് പ്രണ്ട് ഒഫ് ഇന്ത്യയുടെ ഭാരവാഹികളുടെ പേരിലും സിദ്ദിഖ്‌ കാപ്പന്റെ പേരിലും നേരത്തെ കേസെടുത്തിരുന്നു. ഇതിലെ പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസും ഉൾപ്പെടുത്തി.