
കൊച്ചി: ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കല്ലേറിൽ നിന്ന് രക്ഷനേടാൻ ആലുവ ഡിപ്പോയിലെ ഡ്രൈവറാണ് ഹെൽമറ്റ് ധരിച്ച് വണ്ടിയോടിച്ചത്. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവറും സമാനമായ രീതിയിൽ ബസ് ഓടിച്ചതായി റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്ത് പലയിടത്തും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. മൂന്നിടത്ത് ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു. അതേസമയം, സർവീസുകൾ നിർത്തിവയ്ക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.
ഹർത്താലിൽ വ്യാപക ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂരിൽ പത്ര വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കൊല്ലത്ത് പൊലീസുകാരെ സമരാനുകൂലികൾ ബൈക്കിടിച്ച് വീഴ്ത്തി. കോട്ടയം ഈരാട്ടുപേട്ടയിൽ പൊലീസും സമരാനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി. പ്രദേശത്തെ നൂറോളം പേരെ കരുതൽ തടങ്കലിലാക്കി. കണ്ണൂരിൽ ട്രാവലർ അടിച്ചുതകർത്തു.