
തിരുവനന്തപുരം: സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കെ എസ് ആർ ടി സി. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തിരഞ്ഞെടുക്കുന്നവർ, തകർക്കുന്നത് അവരെത്തന്നെയാണെന്ന് മനസിലാക്കണമെന്നും കെ എസ് ആർ ടി സി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
സാധാരണക്കാരന്റെ സഞ്ചാര മാർഗമാണിതെന്നും കെ എസ് ആർ ടി സിയെ തകർത്തുകൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്ന് തിരിച്ചറിയണമെന്നും കുറിപ്പിൽ പറയുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. ബസുകളുടെ ചില്ലുകൾ തകർക്കുകയും, ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കേൽക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഞങ്ങളോട് ...
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...
ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.