navaratry

തക്കല: കഴിഞ്ഞ കാലങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇത്തവണ പദ്മ‌നാഭപുരം കൊട്ടാരത്തിൽ നിന്നും അനന്തപുരിയിലേക്കുള‌ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്‌ക്ക് ആഘോഷപൂർവമായ തുടക്കം. കൊട്ടാരമുറ്റത്ത് നിന്നും തേവാരക്കെട്ട് സരസ്വതി ദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ ദേവതകളുടെ വിഗ്രഹമേന്തിയ ഘോഷയാത്രയ്‌ക്കാണ് തുടക്കമായത്.

sword

രാവിലെ 8.30ഓടെ ഉപ്പിരിക്കമാളികയിൽ നടന്ന ഉടവാൾ കൈമാറ്റത്തിൽ തമിഴ്‌നാട് ദേവസ്വം പ്രതിനിധികളിൽ നിന്നും ദേവസ്വംമന്ത്രി കെ.രാധാകൃഷ്‌ണൻ ഉടവാൾ ഏറ്റുവാങ്ങി. തിരുവിതാംകൂ‌ർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ,​ ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശ് എന്നിവരടങ്ങിയ കേരള സംഘവും ഒപ്പമുണ്ടായിരുന്നു.

തേവാരക്കെട്ടിൽ നിന്ന് സരസ്വതീ വിഗ്രഹം തെക്കേതെരുവിലൂടെ എഴുന്നള‌ളിച്ച് അലങ്കരിച്ചു. പല്ലക്കിലും ആനപ്പുറത്തുമാണ് ദേവീദേവന്മാരെ എഴുന്നള‌ളിച്ചത്. മുൻവർഷം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ആനപ്പുറത്ത് എഴുന്നള‌ളത്തും വെള‌ളിക്കുതിരയിലെ എഴുന്നള‌ളത്തും തട്ടപൂജയും ഒഴിവാക്കിയിരുന്നു. ഇവ ഇത്തവണ ഉണ്ടാകും.

navaratry

കുഴിത്തുറ മഹാദേവക്ഷേത്രം,​ നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം,​ എന്നിവിടങ്ങളിൽ വിഗ്രഹങ്ങൾ ഇറക്കിപൂജ പതിവുണ്ട്. ശേഷം തലസ്ഥാനത്തെത്തുന്ന ഘോഷയാത്രയ്‌ക്ക് വലിയ സ്വീകരണമാണ് ഒരുക്കുക. സരസ്വതി ദേവിയെ കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്‌ക്കിരുത്തും. ഒക്‌ടോബർ മൂന്നിനാണ് പൂജവയ്‌പ്പ് ആരംഭിക്കുക.