surendran

കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടുകയാണെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

സംസ്ഥാനത്തൊട്ടാകെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീർത്ഥ യാത്രക്കാർ വരെ അക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വർഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികൾ ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഹർത്താലിന്റെ തലേന്ന് രാത്രി മുതൽ തീവ്രവാദികൾ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വലിയ ആക്രമണമാണ് കെ എസ് ആർ ടി സി ബസുകൾക്കെതിരെ നടക്കുന്നത്. നിരവധി ബസുകൾ അടിച്ചുതകർത്തു. ആലപ്പുഴയിൽ കെ എസ് ആർ ടി സി ഡ്രൈവറുടെ കണ്ണ് തകർത്തു. പൊലീസ് എല്ലാ സ്ഥലത്തും നിഷ്‌ക്രിയമാണെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീവ്രവാദികളെ അറസ്റ്റ് ചെയ്ത സംസ്ഥാനം എന്ന നാണക്കേടിനൊപ്പം തീവ്രവാദികൾക്ക് നിർബന്ധിച്ച് കടകൾ അടപ്പിക്കാനും വഴി തടയാനും സ്വാതന്ത്ര്യമുള്ള സംസ്ഥാനവുമായി കേരളം അധപതിച്ചു. കേരളത്തിലെ ജനങ്ങൾ സുരക്ഷിതരല്ലെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം പ്രതികരിച്ചു.