സംവിധായകൻ വിനയന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ് 'പത്തൊൻപതാം നൂറ്റാണ്ട്'. സിജു വിൽസൺ നായകനായ ചിത്രം ഈ മാസം എട്ടിനാണ് തീയേറ്ററുകളിലെത്തിയത്. ആഴ്ചകൾക്കിപ്പുറവും മികച്ച അഭിപ്രായത്തോടെ സിനിമ പ്രദർശനം തുടരുകയാണ്. ഇതിനിടെ സിനിമയെക്കുറിച്ച് ചില വിമർശനങ്ങളും ഉയർന്നിരുന്നു.

vinayan

നങ്ങേലിയുടെ കള്ളക്കഥ ജനങ്ങളിലെത്തിച്ചെന്നായിരുന്നു വിമർശനം. കൗമുദി മൂവീസിലൂടെ ചിത്രത്തിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് വിനയനിപ്പോൾ. 'നങ്ങേലി എന്ന് ജനിച്ചെന്നോ മരിച്ചെന്നോ എന്നതിന് രേഖകളൊന്നുമില്ല. വേലായുധപ്പണിക്കർ ജനിച്ചത് 1825ലാണെന്നൊക്കെ കൃത്യമായ രേഖയുണ്ട്. നങ്ങേലിയെ കൂട്ടിയോജിപ്പിച്ചത് ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യമാണ്.'- അദ്ദേഹം പറഞ്ഞു.


ഭീമൻ എന്ന സിനിമയെക്കുറിച്ചും അദ്ദേഹം മനസുതുറന്നു. ' ഇനി വലിയ സിനിമകൾ എടുക്കണം. ഭീമൻ എനിക്കിഷ്ടമുള്ള കഥാപാത്രമാണ്. വിഷ്വലൈസ് ചെയ്യാൻ നല്ല രസമാണ്. ഈ ചിത്രം മനസിലുള്ളപ്പോഴാണ് എംടി സാർ രണ്ടാമൂഴം എന്ന് പറയുന്ന സിനിമയെക്കുറിച്ച് പറയുന്നത്. അത് ഭീമന്റെ വേറൊരു വേർഷനാണെങ്കിൽ കൂടി, ഈ ഭീമന് അപ്പോൾ പ്രസക്തി ഇല്ലാതാകും. അതിനാൽ ഞാൻ അത് അന്നേ മറന്നുകളഞ്ഞു. ഇപ്പോൾ രണ്ടാമൂഴം നടക്കത്തില്ലെന്ന് കേട്ടു. അപ്പോൾ ചിന്തിച്ചു ഭീമനെ ഇനി കൊണ്ടുവരാമെന്ന്.'- അദ്ദേഹം പറഞ്ഞു.

മദൻലാൽ നായകനായ തന്റെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള ഓർമകളും വിനയൻ പങ്കുവച്ചു. 'അത് എന്റെ നാടക ട്രൂപ്പിൽ അഭിനയിക്കാൻ വന്ന പയ്യനായിരുന്നു. അയാൾക്ക് മോഹൻലാലിന്റെ മുഖമുണ്ടായിരുന്നു. അങ്ങനൊരു സിനിമയെടുത്തു, കോമഡി. ആ സിനിമയുടെ അതേ സബ്ജക്ടാണ് ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല എന്ന ചിത്രത്തിന്റേത്. അത് വേണേൽ മോഷ്ടിച്ചതാണെന്ന് പറയാം. പക്ഷേ ഞാൻ പറയുന്നില്ല. ആ സിനിമ കണ്ട് ഇൻസ്‌പെയർ ആയതായിരിക്കും ചിലപ്പോൾ. ഞാനന്ന് എടുത്തപ്പോൾ മോഹൻലാലിന് എതിരാണെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയായിരുന്നു. ലാൽ അത് അറിഞ്ഞത് പോലുമില്ല. ലാലുമായിട്ടുള്ള പുതിയ സിനിമയുടെ പ്രോജക്ടിലാണ്. അടുത്ത വർഷം അവസാനമെങ്കിലും തുടങ്ങാൻ പറ്റുമെന്നാണ് കരുതുന്നത്.