
അബുദാബി: ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം ചരിത്രത്തിലാദ്യമായി 22 രൂപ കടന്നു. വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണിത്. ഇന്നലെ ഒരു ഖത്തർ റിയാലിന് 22 രൂപ 20 പൈസയായിരുന്നു മൂല്യം.
വിനിമയ മൂല്യം ഉയർന്നത് പ്രവാസികൾക്ക് നേട്ടമായി. അതേസമയം, ഈ മാസത്തെ ശമ്പളം ലഭിക്കാൻ ഇനി ഒരാഴ്ച കൂടി ഉണ്ടെന്നതിനാൽ നേട്ടം എല്ലാ പ്രവാസികൾക്കും പൂർണമായി ലഭിച്ചേക്കില്ല. നാട്ടിലേക്ക് പണം അയയ്ക്കാൻ എത്തുന്ന പ്രവാസികൾക്ക് ഇപ്പോൾ 22 രൂപ 2 പൈസ വരെ ലഭിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ഒരു ദിർഹത്തിന് 22.08 രൂപ ഇന്നലെ ലഭിച്ചതോടെ യുഎഇയിലും പ്രവാസികൾ സന്തോഷത്തിലാണ്.ഇതിനുമുമ്പ് 2020 മാർച്ചിൽ രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായി ഉയർന്നിരുന്നു.
ഡാേളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതാണ് ഗൾഫിലും പ്രതിഫലിച്ചത്. യുഎഇ ദിർഹം 22.08, സൗദി റിയാൽ 21.48, ഖത്തർ റിയാൽ 22.20, ഒമാൻ റിയാൽ 210.23, ബഹ്റൈൻ ദിനാർ 214.39, കുവൈത്ത് ദിനാർ 261.32 രൂപ എന്നിങ്ങനെയാണ് ഇന്നലെ വൈകിട്ടത്തെ രാജ്യാന്തര നിരക്ക്.വിനിമയ നിരക്ക് കുതിച്ചുയർന്നതോടെ നാട്ടിലേക്ക് പണമടക്കാൻ എത്തുന്നവരുടെ എണ്ണം കാര്യമായി കൂടിയിട്ടുണ്ട്. അതിനിടെ വിനിമയ നിരക്ക് വീണ്ടും ഉയർന്നേക്കാമെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.