
വാഷിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരെ അതിർത്തി കടന്നും അല്ലാതെയും നിരന്തരം ഭീഷണികളുയർത്തുന്ന പാകിസ്ഥാന് സഹായം നൽകിയ അമേരിക്കയുടെ നടപടിയിൽ കേന്ദ്രം കടുത്ത രോഷം പ്രകടിപ്പിച്ചത് അടുത്തിടെയാണ്. 450 മില്യൺ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക പാകിസ്ഥാന് നൽകുന്നത്. അമേരിക്ക നിർമ്മിച്ച എഫ്-16 യുദ്ധവിമാനങ്ങൾ പാകിസ്ഥാന് നൽകുന്ന ഈ കരാർ ഇന്ത്യയ്‌ക്കുളള ഒരു അപായ സിഗ്നലാണോ എന്ന സംശയമുയർന്നിരുന്നു. ഇന്ത്യയുടെ ശക്തമായ ഈ പ്രതികരണത്തിൽ പകച്ചുപോയ അമേരിക്കൻ സർക്കാർ ഇത് ഇന്ത്യയ്‌ക്ക് നേരെയുളള സന്ദേശമല്ല എന്ന് വ്യക്തമാക്കി.
എഫ്-16 യുദ്ധജറ്റുകൾ പുതുക്കി നൽകിയത് അല്ലെന്നും യുക്രെയിനിലെ പ്രശ്‌നത്തിൽ റഷ്യയ്‌ക്കെതിരെ തങ്ങൾക്ക് അനുകൂലമായി ഇന്ത്യ നിലപാട് എടുക്കാത്തതിന് മറുപടിയല്ലെന്നുമാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് അസി.സെക്രട്ടറി എലി റാറ്റ്‌നെർ പറയുന്നത്. പാകിസ്ഥാനുമായുളള തങ്ങളുടെ പ്രതിരോധ പങ്കാളിത്തത്തെ മുൻനിർത്തിയുളളതാണ് ഈ കരാറെന്നും ആണവ സുരക്ഷയ്‌ക്കും തീവ്രവാദ വിരുദ്ധ പോരാട്ടത്തിനുമാണ് ഇവ അനുവദിച്ചതെന്നുമാണ് എലി റാറ്റ്നെർ അഭിപ്രായപ്പെടുന്നത്.
അടുത്തിടെ നടന്ന 540 മില്യൺ ഡോളറിന്റെ ഈ കരാറിൽ ഇന്ത്യ തങ്ങളുടെ കടുത്ത രോഷം അമേരിക്കയെ അറിയിച്ചിരുന്നു. സെപ്‌തംബർ ഏഴിനാണ് കരാർ നിലവിൽ വന്നത്. തുടർന്ന് സെപ്‌തംബർ 14ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക അറിയിച്ചിരുന്നു.
യുക്രെയിൻ-റഷ്യ പ്രശ്‌നത്തിൽ റഷ്യയെ പഴിചാരുന്നതിന് പകരം വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തണം എന്നതാണ് ഇന്ത്യയുടെ നിലപാട്. അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കിയിരുന്നു.