
തിരുവനന്തപുരം: പൊലീസിന്റെ വാക്ക് വിശ്വസിച്ച് ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ കെ എസ് ആർ ടി സിക്ക് ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി എഴുപതുബസുകൾ തകർക്കപ്പെട്ടു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അരക്കോടിയോളം രൂപയുടെ നാശനഷ്ടം ഇതുമൂലം ഉണ്ടായി എന്നാണ് കണക്കാക്കുന്നത്. 30 ലക്ഷത്തിൽപ്പരം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു രാവിലെ പറഞ്ഞത്. അമ്പതോളം ബസുകൾ മാത്രമാണ് അപ്പോൾ തകർക്കപ്പെട്ടത്. പിന്നീടാണ് ആക്രമിക്കപ്പെട്ട ബസുകളുടെ എണ്ണം കൂടിയത്. അതോടെ നഷ്ടവും കൂടി. നിരവധി ജീവനക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കെ എസ് ആർ ടി ബസുകളെ തിരഞ്ഞുപിടിച്ച് ഇരുചക്രവാഹനങ്ങളിൽ പിന്തുടർന്നെത്തിയവർ മിന്നൽ വേഗത്തിൽ ആക്രമണം നടത്തുകയായിരുന്നു.
ബസുകൾ തകർക്കപ്പെട്ടതിലൂടെ അരക്കോടിയോളം നഷ്ടം ഉണ്ടായെങ്കിൽ സർവീസ് നടത്താൻ കഴിയാത്തതുമൂലമുണ്ടായ നഷ്ടം ഇതിലുമേറെയാണ്. വരുമാനം കൂട്ടി എങ്ങനെയും ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും നൽകാൻ പാടുപെടുന്നതിനിടെയാണ് കൂനിന്മേൽ കുരു എന്ന പോലെ ഹർത്താൽ വന്നത്. തകർക്കപ്പെട്ട ബസുകൾ നന്നാക്കി സർവീസ് നടത്താൻ ദിവസങ്ങളെടുക്കും. ആ ഇനത്തിൽ ഉണ്ടാകുന്ന നഷ്ടം വേറെയും.
പൊതുമുതൽ നശിപ്പിച്ചവർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. കെ എസ് ആർ ടി സിക്കുണ്ടായ നഷ്ടം നികത്താൻ ആവശ്യമായ നിമയനടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറയുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് ബസുകൾക്കു നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ കെ എസ് ആർ ടി സി ബസിനുനേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇവിടെ യാത്രചെയ്യാൻ അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസുകാർ ചിരിച്ചുകൊണ്ട് കൈയുംകെട്ടി നോക്കിനിൽക്കുകയായിരന്നു എന്നാണ് യാത്രക്കാർ പറയുന്നത്. പത്തനംതിട്ടയിൽ പന്തളം-പെരുമൺ സർവീസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവയിലും ആലപ്പുഴയിലും ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം കല്ലേറിൽ ചില്ലുതകർന്ന് കണ്ണിന് പരിക്കേറ്റ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം കോലിയക്കോടും കെ എസ് ആർ ടി സി ബസിനുനേരെ കല്ലേറുണ്ടായി. രാവിലെ പത്തരയോടെ ബൈക്കിലെത്തിയ അക്രമികളാണ് കല്ലെറിഞ്ഞത്.