rekha-raj

ന്യൂഡൽഹി: ദളിത് സ്‌ത്രീചിന്തക രേഖാ രാജിനെ അസിസ്‌റ്റന്റ് പ്രൊഫസറായി നിയമിച്ച എം.ജി സ‌ർവകലാശാലയുടെ നിയമനരീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കില്ലെന്നും സുപ്രീംകോടതി. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്‌റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്കുള‌ള നിയമനത്തിൽ പിഎച്ച്ഡി ഉണ്ടായിട്ടും രണ്ടാം റാങ്കുള‌ള നിഷ വേലപ്പൻ നായർക്ക് നിയമനം നൽകാതെ രേഖാ രാജിന് നിയമനം നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി ഉത്തരവിൽ രേഖാ രാജിന്റെ നിയമനം റദ്ദാക്കുകയും നിഷ വേലപ്പൻ നായർക്ക് ഉടൻ നിയമനം നൽകണം എന്ന് ഉത്തരവിടുകയും ചെയ്‌തു.

ഈ ഉത്തരവിനെതിരെ മഹാത്മാഗാന്ധി സർവകലാശാലയും രേഖാ രാജും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ ഹർജികളിലെ വാദം തള‌ളിയ കോടതി ഇരുവർക്കും പിഎച്ച്‌ഡി ഉണ്ടായിട്ടും ഒരാൾക്ക് മാത്രം എന്തുകൊണ്ട് പിഎച്ച്ഡി മാർക്ക് കണക്കാക്കി എന്ന് ചോദിച്ചു. അടിസ്ഥാന യോഗ്യത നെറ്റ് ആണെന്നും നിഷയ്‌ക്ക് നെറ്റ് ഇല്ലാത്തതുകൊണ്ടാണ് പിഎച്ച്‌ഡി മാ‌‌ർക്ക് കണക്കാക്കാത്തതെന്നും സ‌ർവകലാശാലയുടെ അഭിഭാഷക സാക്ഷി കക്കർ വാദിച്ചു. എന്നാൽ ഇത് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരുടെ ബെഞ്ച് തള‌ളി.

രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ വിധി മറ്റ് നിയമനങ്ങളെ ബാധിക്കുമെന്ന് സ‌ർ‌വകലാശാലയ്‌ക്ക് വേണ്ടി വാദിച്ച അഭിഭാഷക ചൂണ്ടിക്കാട്ടി. തുടർന്ന് ഇതുവരെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാത്ത നിയമനങ്ങൾക്ക് ഇത് ബാധകമല്ലെന്ന് കോടതി അറിയിച്ചു. രേഖാരാജിനായി അഭിഭാഷകരായ പി.വി ദിനേശ്, സുൽഫിക്കർ അലി പി.എസ് എന്നിവർ കോടതിയിൽ ഹാജരായി.