giroud

പാരീസ്: യുവേഫ നേഷൻസ് ലീഗിൽ വമ്പൻമാരായ ഫ്രാൻസും ക്രൊയേഷ്യയും ഹോളണ്ടും ബൽജിയവും ജയിച്ചു കയറി. ലീഗ് എ ഗ്രൂപ്പ് 1ൽ ലോകചാമ്പ്യൻമാരായ ഫ്രാൻസ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഓസ്ട്രിയയെയാണ് കീഴടക്കിയത്. കെയ്‌ലിയൻ എംബാപ്പെയും ഒളിവർ ജിറൗഡ് എന്നിവരാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. ഈ മത്സരത്തിൽ നേടിയ ഗോളിലൂടെ ഫ്രാൻസിനായി ഗോൾ നേടിയ ഏറ്റവും പ്രായമേറിയ താരമെന്ന റെക്കാഡ് ജിറൗഡ് സ്വന്തമാക്കി.

36 വയസ് പൂർത്തിയാകാൻ എട്ടു ദിവസം മാത്രം ശേഷിക്കെ ഗോൾ കണ്ടെത്തിയ ജിറൗഡ്, 70 ദിവസത്തെ പ്രായ വ്യത്യാസത്തിൽ 1959ൽ സ്‌പെയിനിനെതിരെ ഗോൾ നേടിയ റോജർ മാർച്ചിന്റെ റെക്കോർഡാണ് മറികടന്നത്. ആദ്യ ഗോൾ നേടാൻ എംബാപ്പെയ്ക്ക് പാസ് നൽകിയതും ജിറൗഡായരുന്നു. ഗ്രൂപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഫ്രാൻസിന്റെ ആദ്യജയമാണിത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യ 2-1ന് ഡെൻമാർക്കിനെ വീഴ്ത്തി.

ഗ്രൂപ്പ് ഡിയിൽ ബൽജിയം വേൽസിനേയും (2-1)​,​ ഹോളണ്ട് പോളണ്ടിനേയും (2-0)​ കീഴടക്കി.