
കൊച്ചി: ഓൺലൈൻ സൈറ്റുകളിലൂടെ ഉൾപ്പെടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി- ഹണ്ട് കുറച്ചുകൂടി ഊർജ്ജിതമാക്കാൻ കേരള പൊലീസിന് ഇനി കനേഡിയൻ കൂട്ട്. പ്രമുഖ കനേഡിയൻ സോഫ്‌റ്റ് വെയർ കമ്പനിയായ മാഗ്നെറ്റ് ഫോറൻസിക്കിന്റെ സഹായം കേരള പൊലീസിന് ലഭിക്കും. ലോകത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജൻസികളും ഉപയോഗിക്കുന്ന മാഗ്നെറ്റ് ആക്സിയം, മാഗ്‌നെറ്റ് ഔട്ട്റൈഡർ എന്നീ ഫോറൻസിക് സോഫ്‌റ്റ്‌വെയർ ടൂളുകൾ സൗജന്യമായി ഉപയോഗിക്കാം. ഒരുവർഷത്തേക്കാണ് സേവനം.
ഓപ്പറേഷൻ പി- ഹണ്ടിന് നേരത്തെ ഇന്റർപോളിന്റെ സഹായം ലഭ്യമായിരുന്നു. ഇതുവഴിയാണ് മാഗ്നെറ്റ് ഫോറൻസിക്കുമായി സഹകരണത്തിലെത്തുന്നത്. മാഗ്‌നെറ്റ് കമ്പനി അവരുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ആദ്യമായാണ് ഇന്ത്യയിൽ ഒരു സേനാ വിഭാഗവുമായി സഹകരിക്കുന്നത്. സോഫ്റ്റ്‌വെയർ ലൈസൻസുകൾ മാഗ്‌നെറ്റ് കമ്പനി വൈസ് പ്രസിഡന്റ് ഡാനി ബോൾഡക് കൊക്കൂൺ വേദിയിൽ വച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് കൈമാറി.