
ലണ്ടൻ: രണ്ട് തവണ ബുക്കർ സമ്മാനം നേടിയ ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റൽ (70) അന്തരിച്ചു. ചരിത്ര നോവലായ 'വുൾഫ് ഹാളി"ലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഹിലരി 1952 ജൂലായ് ആറിന് ഇംഗ്ലണ്ടിലെ ഗ്ലസോപ്പിലെ ഐറിഷ് കുടുംബത്തിലാണ് ജനിച്ചത്. ലണ്ടൻ സ്‌കൂൾ ഒഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റ് ഒഫ് ഷെഫീൽഡ് എന്നിവിടങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ഹിലരി വൃദ്ധർക്കുള്ള ആശുപത്രിയിൽ സോഷ്യൽ വർക്കറായി ജോലി ചെയ്തിരുന്നു.
2009ൽ വുൾഫ് ഹാളിലൂടെയും 2012ൽ അതിന്റെ സീക്വലായ ബ്രിംഗ് അപ് ദ ബോഡീസിലൂടെയുമാണ് ഹിലരി ബുക്കർ നേടിയത്. എ പ്ലേസ് ഒഫ് ഗ്രേറ്റർ സേഫ്റ്റി, വേക്കന്റ് പൊസെഷൻ, എവരി ഡേ ഈസ് മദേഴ്സ് ഡേ, എയ്‌റ്റ് മന്ത്സ് ഓൺ ഗാസ സ്ട്രീറ്റ്, ബിയോണ്ട് ബ്ലാക്ക് തുടങ്ങിയവയാണ് മറ്റ് കൃതികൾ.
2020ൽ പുറത്തിറങ്ങിയ 'ദ മിറർ ആൻഡ് ദ ലൈറ്റ്" എന്ന നോവലാണ് അവസാന കൃതി. വുൾഫ് ഹാൾ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണിത്. ജിയോളജിസ്റ്റായ ജെറാൾഡ് മാക്ഇവാനാണ് ഭർത്താവ്. 1973ൽ വിവാഹിതരായ ഇരുവരും 1981ൽ വിവാഹമോചിതരായി. തുടർന്ന് 1982ൽ വീണ്ടും വിവാഹിതരായി.