lorry

കണ്ണൂർ: മട്ടന്നൂരിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടയിൽ ലോറിയ്ക്ക് നേരെ ബോംബേർ. മട്ടന്നൂർ പാലോട്ട് പള്ളിയിൽ വെച്ചാണ് ഹർത്താൽ അനുകൂലികൾ ചരക്ക് ലോറിയ്ക്ക് നേരേ പെട്രോൾ ബോംബെറിഞ്ഞത്. ആക്രമണത്തിൽ ലോറിയുടെ മുൻവശത്തെ ചില്ലുകൾ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇരിട്ടിയിൽ നിന്ന് ചരക്കുമായി തലശേരിയിലേയ്ക്ക് പോയ ലോറിയാണ് ആക്രമിക്കപ്പെട്ടത്. ലോറി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായി മട്ടന്നൂർ ആർ എസ് എസ് കാര്യാലയത്തിന് നേരെയും ഇന്ന് ഉച്ചയ്ക്ക് ബോംബേറുണ്ടായിരുന്നു.

ദേശീയ, സംസ്ഥാന നേതാക്കളെ എൻ ഐ എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനവ്യാപകമായി കടയടപ്പിക്കലും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറും അടക്കമുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.