health

വാർദ്ധക്യത്തിലാണ് മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, വാർദ്ധക്യ സംബന്ധമായ മറ്റ് രോഗങ്ങൾ, ദഹനപ്രശ്നങ്ങൾ, അസ്ഥികളുടെ തേയ്മാനം തുടങ്ങിയവ ഭൂരിഭാഗം പേരിലും കണ്ടുവരുന്നു. ചിട്ടയായ ആഹാരശീലങ്ങളും വ്യായാമവും ഉണ്ടെങ്കിൽ വാർദ്ധക്യവും ആരോഗ്യപൂർണമാകും.

ഭക്ഷണം

പ്രായമായവരിൽ പൊതുവെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് എല്ലുകളുടെ ബലക്ഷയം. കാത്സ്യത്തിന്റെ കുറവ് മൂലം അൻപത് വയസ് പിന്നിട്ടവരും ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇവർ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യം നിലനിർത്താൻ ഉപകരിക്കും. പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ എന്നിവയും നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ഉത്തമമാണ്. മുളപ്പിച്ച പയറുവർഗങ്ങൾ,​ കൂൺ, ഉണക്കമുന്തിരി, ഓറഞ്ച്, മാങ്ങ, ചീര തുടങ്ങിയവയും കഴിക്കാം. പ്രമേഹം, രക്തസമ്മർദ്ദം,​​ കൊളസ്ട്രോൾ ഇവ വരുത്തുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്.

വ്യായാമം

വാർദ്ധക്യത്തിലുണ്ടാകുന്ന ഉറക്കക്കുറവ്, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഒരു പരിധിവരെ കുറയ്ക്കുന്നതിന് വ്യായാമം സഹായിക്കുമെന്നതിൽ സംശയമില്ല. കൈ വീശി നടക്കുകയും ചെറിയ രീതിയിലുള്ള സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുന്നതും വളരെ നല്ലതാണ്. പേശികൾക്കും സന്ധികൾക്കും അയവ് വരുത്താൻ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ സഹായകമാണ്. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കി വെക്കുന്നത് ചിട്ടയായ ജീവിതത്തിനും ആരോഗ്യത്തിനും ഏറെ ഉപകാരപ്രദമാണ്.

ഉറക്കം

വാർദ്ധക്യത്തിലെത്തിയവർക്ക് ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എട്ട് മണിക്കൂറെങ്കിലും കുറഞ്ഞത് നന്നായുറങ്ങണം. മികച്ച ഉറക്കം നന്നായി ലഭിക്കുന്നുണ്ടെങ്കിലെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടതാകൂ. നിശ്ചിത ഇടവേളകളിൽ ഹെൽത്ത് ചെക്കപ്പ് ചെയ്യുന്നതും രോഗം കണ്ടെത്താൻ ഉപകരിക്കും.