mp

ഭോപ്പാൽ: സർക്കാർ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾക്കായുള്ള ടോയ്‌ലെറ്റ് കൈകൾ കൊണ്ട് വൃത്തിയാക്കി മദ്ധ്യപ്രദേശ് എം പി ജനാ‌ർദ്ദൻ മിശ്ര. ഘട്ഖരി സർക്കാർ സ്കൂളിൽ ബി ജെ പി പ്രവർത്തകർ നടത്തിയ സന്ദർശനത്തിനിടയിലായിരുന്നു സംഭവം. തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ യുവമോർച്ചയുടെ കീഴിൽ 'സേവ പഖ്‌വാഡ' എന്ന പരിപാടി പ്രകാരമാണ് സ്കൂൾ സന്ദർശനം നടന്നതെന്ന് ജനാ‌ർദ്ദൻ മിശ്ര വ്യക്തമാക്കുന്നുണ്ട്. ടോയ്‌ലെറ്റ് വൃത്തിയാക്കിയതിനോടൊപ്പം തന്നെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകളും എം പിയുടെ നേതൃത്വത്തിൽ വെച്ചുപിടിപ്പിക്കുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബർ 17 മുതൽ ഒക്ടോബർ 2 ഗാന്ധി ജയന്തി വരെ നീണ്ട് നിൽക്കുന്ന ബി ജെ പിയുടെ നേതൃത്വത്തിലുള്ല ശുചീകരണ യജ്ഞമാണ് 'സേവ പഖ്‌വാഡ'. ഇതിന്റെ ഭാഗമാകാനാണ് എം പി ജനാ‌ർദ്ദൻ മിശ്ര, ഘട്ഖരി സർക്കാർ സ്കൂളിലെത്തിച്ചേർന്നത്. പരിപാടിയ്ക്കിടയിൽ സ്കൂളിലെ വിദ്യാർത്ഥിനികളുടെ ടോയ്‌ലെറ്റിന്റെ ശോചനീയാവസ്ഥ കണ്ട എം പി കൈകൾ ഉപയോഗിച്ച് വൃത്തിയാക്കാൻ ആരംഭിക്കുകയായിരുന്നു. റീവ നിയോജക മഢലത്തിൽ നിന്നുള്ള ബി ജെ പി, എം പിയാണ് ജനാ‌ർദ്ദൻ മിശ്ര.

पार्टी द्वारा चलाये जा रहे सेवा पखवाड़ा के तहत युवा मोर्चा के द्वारा बालिका विद्यालय खटखरी में वृक्षारोपण कार्यक्रम के उपरांत विद्यालय के शौचालय की सफाई की।@narendramodi @JPNadda @blsanthosh @ChouhanShivraj @vdsharmabjp @HitanandSharma pic.twitter.com/138VDOT0n0

— Janardan Mishra (@Janardan_BJP) September 22, 2022

കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലെ സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥിനികൾ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് മന്ത്രി മഹേന്ദ്രസിംഗ് സിസോദിയ ജില്ലാ കളക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചക്‌ദേവ്പുർ ഗ്രാമത്തിലുള്ള പ്രൈമറി, മിഡിൽ സ്‌കൂളിലെ ടോയ്‌ലെറ്റാണ് യൂണിഫോം ധരിച്ച കുട്ടികൾ വൃത്തിയാക്കിയത്. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികൾ ടോയ്‌ലെറ്റ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വിവാദത്തിന് തിരി കൊളുത്തിയതിന് പിന്നാലെയാണ് എം പി ജനാ‌ർദ്ദൻ മിശ്ര കൈകൾ കൊണ്ട് ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന ദൃശ്യങ്ങൾ ട്വിറ്റർ വഴി പങ്കുവെച്ചത്.