modi

ന്യൂയോർക്ക്: റഷ്യ - യുക്രെയിൻ അധിനിവേശം അവസാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ. ഇന്നലെ ന്യൂയോർക്കിൽ നടന്ന യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിനിടെയാണ് മെക്സിക്കോയുടെ പരാമർശം. മോദി,​ ഫ്രാൻസിസ് മാർപാപ്പ, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് എന്നിവർ അടങ്ങുന്ന സമാധാന കമ്മിറ്റി രൂപീകരിക്കണമെന്ന നിർദ്ദേശം മെക്സിക്കൻ വിദേശകാര്യ മന്ത്രി മാർസെലോ ലൂയിസ് എബ്രാർഡ് കസോബോൺ യോഗത്തിൽ മുന്നോട്ട് വച്ചു.

ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും മാത്രമേ സമാധാനം പുനഃസ്ഥാപിക്കാനാകൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുക്രെയിൻ അധിനിവേശം സംബന്ധിച്ച ചർച്ചയ്ക്കിടെയായിരുന്നു മെക്സിക്കോയുടെ നീക്കം. ഈ കമ്മിറ്റിയ്ക്ക് യുക്രെയിനും റഷ്യയ്ക്കുമിടെയിൽ ശാശ്വത സമാധാനം സ്ഥാപിക്കാൻ കഴിയുമെന്ന് മെക്സിക്കോ ചൂണ്ടിക്കാട്ടി.

അടുത്തിടെ ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടെ ' ഇത് യുദ്ധത്തിന്റെ സമയമല്ല" എന്ന് മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമിപ്പിച്ചത് ചർച്ചയായിരുന്നു. യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ മോദിയുടെ നിലപാടിനെ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം യു.എൻ ജനറൽ അസംബ്ലിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മോദിയെ പിന്തുണച്ചിരുന്നു.

ലോകത്ത് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ മോദി, മാർപ്പാപ്പ, ഗുട്ടെറസ് എന്നിവരുൾപ്പെടുന്ന കമ്മിഷന് രൂപം നൽകണമെന്ന് ഐക്യരാഷ്ട്ര സഭയ്‌ക്ക് രേഖാമൂലം നിർദ്ദേശം സമർപ്പിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെ മാനുവൽ ലോപ്പസ് ഓബ്രഡോർ കഴിഞ്ഞ മാസം ആദ്യം തന്നെ അറിയിച്ചിരുന്നു. യുക്രെയിന് പുറമേ തായ്‌വാൻ,​ ഇസ്രയേൽ,​ പലസ്‌തീൻ തുടങ്ങിയ സംഘർഷ മേഖലകളിലെല്ലാം സമാധാനം പുനഃസ്ഥാപിക്കാൻ ഈ കമ്മിഷന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.