
നാഗ്പൂർ: മഴമൂലം നനഞ്ഞ ഔട്ട് ഫീൽഡ് കാരണം രണ്ടര മണിക്കൂറോളം വൈകിത്തുടങ്ങിയ 8 ഓവറായി ചരുക്കിയ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 6 വിക്കറ്രിന്റെ തകർപ്പൻ ജയം. ഇരുടീമും വെടിക്കെട്ട് ബാറ്റിംഗിന്റെ കെട്ടഴിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ ക്യാപ്ടൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ നാല് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തി (92/4).ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി. 20 പന്തിൽ 4 വീതം സിക്സും ഫോറും അടക്കം പുറത്താകാതെ 46 റൺസ് നേടിയ ഹിറ്റ് മാൻ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.
ഫിനിഷറുടെ റോൾ ദിനേഷ് കാർത്തിക്ക് (2 പന്തിൽ 10) ഒരിക്കൽക്കൂടി ഗംഭീരമാക്കി. അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 9 റൺസാണ് വേണ്ടിയിരുന്നത്. ഡാനിയേൽ സാംസ് എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറും നേടി കാർത്തിക്ക് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ രോഹിത് ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ പോലെ വെടിക്കെട്ട് ബാറ്റിംഗുമായി മാത്യു വേഡ് വീണ്ടും ഓസീസ് ബാറ്റിംഗിന്റെ നട്ടെല്ലായി. 20 പന്തിൽ 3 സിക്സും 4 ഫോറും ഉൾപ്പെടെ വേഡ് 43 റൺസുമായി പുറത്താകാതെ നിന്നു. ഹർഷൽ പട്ടേലെറിഞ്ഞ അവസാന ഓവറിൽ വേഡ് 3 സിക്സ് നേടി. തുടക്കത്തിൽ ഒരറ്റത്ത് വിക്കറ്റുകൾ നഷ്ടമായെങ്കിലും പതറാതെ പൊരുതിയ ക്യാപ്ടൻ ആരോൺ ഫിഞ്ച് 15 പന്തിൽ 1 സിക്സും 4 ഫോറും ഉൾപ്പെടെ 31 റൺസ് നേടി റൺറൈറ്റ് താഴാതെ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി അക്ഷർ രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി. നാളെയാണ് പരമ്പരയിലെ നിർണായകമായ അവസാന മത്സരം.
ആദ്യ മത്സരത്തിൽ 4 വിക്കറ്റിന്റെ തോൽവി വഴങ്ങിയ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് നിർണായകമായ രണ്ടാം മത്സരത്തിൽ ഇന്ത്യ കളത്തിലിറങ്ങിയത്. ഭുവനേശ്വർ കുമാറിനേയും ഉമേഷ് യാദവിനേയും ഒഴിവാക്കി പരിക്കിൽ നിന്ന് മോചിതനായെത്തിയ ജസ്പ്രീത് ബുംറയ്ക്കും റിഷഭ് പന്തിനും ഇന്ത്യ ഇന്നലെ അവസരം നൽകി.