hartal

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്ത് നടന്ന ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

ഹർത്താലിൽ നിരവധി കെ എസ് ആർ ടി സി ബസുകൾക്ക് കല്ലേറിൽ കേടുപാടുകൾ ഉണ്ടായി. പൊലീസുകാർക്കും കെ എസ് ആ‌ർ ടി സി ഡ്രൈവർമാർക്കും പരിക്കേറ്റു. സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ഹർത്താലുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് ഇന്നലെ 157കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ അക്രമങ്ങളിൽ പ്രതികളായി 170പേർ അറസ്റ്റിലായി. 368പേരെ കരുതൽ തടങ്കലിലാക്കിയെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

ഹർത്താലുമായി ബന്ധപ്പെട്ട് നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. കണ്ണൂർ നഗരത്തിൽ തിരക്കേറിയ മിൽമാ ‌ടീ സ്‌റ്റാൾ ഹർത്താൽ അനുകൂലി എത്തി അടിച്ചുതകർത്തു.ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘത്തിൽ നിന്നും ഒരാൾ കടയുടെ അടുത്തേയ്‌ക്ക് എത്തി കമ്പി കൊണ്ട് ആഹാരസാധനങ്ങൾ വച്ച അലമാരി അടിച്ചുതകർക്കുകയായിരുന്നു. ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയ്‌ക്കാണ് പരിക്കേറ്റത്. ചില്ല് തറച്ചാണ് ഇയാൾക്ക് പരിക്കുപറ്റിയത്.

കണ്ണൂർ നഗരത്തിന് പുറമേ മട്ടന്നൂരിൽ പാലോട്ട് പള‌ളിയിലും അക്രമമുണ്ടായി. ലോറിയുടെ നേരെ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഇരിട്ടിയിൽ നിന്നും തലശേരിയ്‌ക്ക് വരികയായിരുന്ന ലോറിയുടെ ചില്ല് തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവിധയിടങ്ങളിലായി 70 കെ.എസ് ആർ ടി സി ബസുകൾക്കും നാശനഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി.