pfi

കൊച്ചി: രാജ്യവ്യാപക റെയ്‌ഡിന് പിന്നാലെ എൻ ഐ എ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി അപേക്ഷ കൊച്ചി എൻ ഐ എ കോടതി ഇന്ന് പരിഗണിക്കുന്നു. കരമന അഷ്റഫ് മൗലവി അടക്കമുള്ള പ്രതികളെയാണ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഏഴ് ദിവസം പ്രതികളെ കസ്റ്റഡിയിൽ നൽകണമെന്നാണ് ആവശ്യം.

സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിലൂടെ പ്രതികൾ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻ ഐ എയുടെ നിലപാട്. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തിൽ രക്തചൊരിച്ചിൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചു.ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് എൻ ഐ എ പറയുന്നത്. ആദ്യം പത്ത് പ്രതികളുടെ കസ്റ്റഡി അപേക്ഷയായിരുന്നു നൽകിയത്. പിന്നാലെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സി ടി സുലൈമാന്റെ പേര് കൂടി ചേർക്കുകയായിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷം ജൂലായിൽ നടന്ന റാലിക്കിടെ മോദിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. രാജ്യവ്യാപക റെയ്‌ഡിന് പിന്നാലെ കേരളത്തിൽ നിന്ന് ഇഡി വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.