balu

വർക്കല: പ്രായപൂർത്തിയാകാത്ത മകളുടെ കാമുകനെ വെട്ടിപ്പരിക്കേല്പിച്ച പിതാവിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ചരുവിള വീട്ടിൽ ബാലുവിനെയാണ് (22) ആക്രമിച്ചത്. തലയ്‌ക്കും മുതുകിലും ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 2019ൽ ബാലുവിനെതിരെ പോക്സോ കേസുണ്ട്‌. കേസിലെ ജയിൽശിക്ഷയ്‌ക്കുശേഷം അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.

ഇന്നലെ ഉച്ചയ്‌ക്ക് മൂന്നോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: വീടിന് പിറകുവശത്തായി പെൺകുട്ടിയെയും യുവാവിനെയും കണ്ടതിൽ പ്രകോപിതനായ പിതാവ് വെട്ടുകത്തിക്ക് യുവാവിനെ വെട്ടുകയായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ കൈപ്പത്തിക്ക് വെട്ടേറ്റ പെൺകുട്ടിയുടെ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.