ഇറ്റലി 1 - ഇംഗ്ളണ്ട് 0

ഹംഗറി 1- ജർമ്മനി 0

ലണ്ടൻ: കഴിഞ്ഞ യൂറോ കപ്പ് ഫുട്ബാൾ ഫൈനലിൽ തങ്ങളെ തോൽപ്പിച്ചിരുന്ന ഇറ്റലിയിൽ നിന്ന് മറ്റൊരു തോൽവികൂടി ഏറ്റുവാങ്ങി ഇംഗ്ളണ്ട്. കഴിഞ്ഞരാത്രി നടന്ന യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലി ഇംഗ്ലണ്ടിനെ കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയെ ഹംഗറി ഇതേസ്കോറിന് ഞെട്ടിച്ചു.

ലീഗ് എ ഗ്രൂപ്പ് മൂന്നിൽ നടന്ന മത്സരത്തിന്റെ 68-ാം മിനിട്ടിൽ ജിയാകോമോ റസ്പദോറി നേടിയ ഗോളിനാണ് ഇറ്റലി വിജയം കണ്ടത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ഇംഗ്ലണ്ടിന് ഗോളടിക്കാൻ കഴിയാതെപോവുകയായിരുന്നു. ഈ വിജയത്തോടെ ഇറ്റലി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണ് ടീമിനുള്ളത്.അഞ്ച് മത്സരങ്ങളിൽ ഒരു വിജയം പോലും നേടാനായിട്ടില്ലാത്ത ഇംഗ്ലണ്ടിന്റെ സെമി ഫൈനൽ സാധ്യകൾ ഏകദേശം അവസാനിച്ചു. . രണ്ട് സമനിലയും മൂന്ന് തോൽവിയുമടക്കം രണ്ട് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ഈ തോൽവിയോടെ ഇംഗ്ളണ്ടിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഗരേത് സൗത്ത്‌ഗേറ്റിനെ പുറത്താക്കണമെന്ന ആവശ്യത്തിന് ശക്തിയേറി.

17-ാം മിനിട്ടിൽ ആദം സലായി നേടിയ ഗോളിനാണ് ഹംഗറി ജർമ്മനിയെ അട്ടിമറിച്ചത്. മികച്ച നിരയുമായി കളിക്കാനെത്തിയ ജർമ്മനിയുടെ തോൽവി അപ്രതീക്ഷിതമായിരുന്നു. ഈ തോൽവിയോടെ ജർമ്മനി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായി. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമുള്ള ജർമ്മനിയുടെ സെമി ഫൈനൽ സാധ്യതകളും ഏകദേശം അവസാനിച്ചു. അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയമടക്കം 10 പോയിന്റുമായി അത്ഭുതക്കുതിപ്പ് നടത്തുന്ന ഹംഗറി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.

2004ന് ശേഷം ആദ്യമായാണ് ഹംഗറി ജർമ്മനിയെ തോൽപ്പിക്കുന്നത്.